തിരുവനന്തപുരം: ആകാംക്ഷകള്‍ക്ക് ഒടുവില്‍ തിരുവനന്തപുരത്തെ ആ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഇത്തവണത്തെ ഓണം ബംപർ അടിച്ചത്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ടു മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് വിജയിയെ തിരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരത്തെ തങ്കരാജ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ഇന്നലെ വൈകീട്ട് പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും അവസാനം വിറ്റ ടിക്കറ്റാണെന്നും ഏജന്റ് തങ്കരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഓണം ബംപറിന്റെ രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. കോട്ടയത്തെ മീനാക്ഷി ലക്കി സെന്ററാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് ഏജന്റ് മുരുകേശാണ്.
25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.