കോട്ടയം: ഈ വർഷത്തെ ക്രിസ്മസ്- ന്യൂഇയർ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സദൻ എന്ന് വിളിക്കുന്ന സദാനന്ദന്. സദൻ ഇന്ന് രാവിലെ എടുത്ത XG 218582 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. പെയിന്റിങ് തൊഴിലാളിയാണ് ഇദ്ദേഹം.
ഇന്ന് രാവിലെ ഇറച്ചി വാങ്ങാൻ പോയപ്പോഴാണ് ടിക്കറ്റെടുത്തതെന്ന് സദൻ പറഞ്ഞു. സെൽവൻ എന്ന ലോട്ടറി ഏജന്റിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നമ്പർ ഒന്നും നോക്കാതെ സെൽവൻ തന്ന ടിക്കറ്റ് വാങ്ങുകയായിരുന്നു. കടങ്ങൾ തീർക്കക്കണമെന്നും മക്കളുടെ ജീവിതം നല്ല നിലയിലാക്കണമെന്നും 50 വർഷമായി പെയിന്റിങ് തൊഴിൽ ചെയ്തു ജീവിക്കുന്ന സദൻ പറഞ്ഞു.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. രാജമ്മയാണ് ഭാര്യ. സനീഷ്, സഞ്ജയ് എന്നിവരാണ് മക്കൾ.
കോട്ടയത്തെ ബെൻസ് ലോട്ടറീസ് ഏജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെ നിന്ന് ശ്രീകൃഷ്ണ ലക്കി സെന്റർ എന്ന സബ് ഏജൻസിയിലേക്ക് നൽകിയ ടിക്കറ്റ് ചെറുകിട കച്ചവടക്കാരനായ സെൽവൻ എന്ന ഏജന്റാണ് വില്പനയ്ക്കായി കൊണ്ടുപോയത്.
Also Read: Kerala Lottery Christmas New Year Bumper BR 83 Result: ഒന്നാം സമ്മാനം XG 218582 എന്ന ടിക്കറ്റിന്
ക്രിസ്മസ് – ന്യൂഇയർ ബംപറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം മൂന്നു കോടി (50 ലക്ഷം വീതം ആറ് പേർക്ക്). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. സമാശ്വാസ സമ്മാനം അഞ്ച് ലക്ഷമാണ്. ഇതുകൂടാതെ 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. 47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഈ വർഷം വിറ്റുപോയത്.