കൊച്ചി: വ്യാജ ലോട്ടറി ടിക്കറ്റ് തടയാന്‍ അധിക സുരക്ഷാ സംവിധാനവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഓണത്തോടെ ടിക്കറ്റുകളില്‍ പുതിയ സുരക്ഷ അവതരിപ്പിച്ചേക്കും.
ഒറിജിനല്‍ ടിക്കറ്റുകളുടെ കളര്‍ ഫൊട്ടോസ്റ്റാറ്റ് പകര്‍പ്പുകള്‍ ഹാജരാക്കി പണം തട്ടുന്നതു വ്യാപകമായ സാഹചര്യത്തിലാണു ഭാഗ്യക്കുറി വകുപ്പിന്റെ നീക്കം. കളര്‍ ഫൊട്ടോസ്റ്റാറ്റുകളെ പ്രതിരോധിക്കുന്ന പുതിയ സുരക്ഷാ സവിശേഷത ഓണം ബംബറില്‍ അവതരിപ്പിക്കാനാണു നീക്കം. ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കളര്‍ ഫൊട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിയാത്ത കളറുകളായിരിക്കും ഓണം ബംപര്‍ മുതലുള്ള ടിക്കറ്റുകളിലുണ്ടാവുക. ഭാഗ്യക്കുറി വകുപ്പിനു മാത്രം അച്ചടിക്കാവുന്ന കളറുകളായിരിക്കും ഇതെന്നു ഭാഗ്യക്കുറി വകുപ്പ് ഡയരക്ടര്‍ അബ്രഹാം റെന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. പുതിയ സംവിധാനത്തിന്റെ ഗുണം ഏറ്റവും ലഭിക്കുക ചെറുകിട കച്ചവടക്കാര്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ ടിക്കറ്റുകളുടെ കളര്‍ ഫൊട്ടോസ്റ്റാറ്റുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ ചെറുകിട ലോട്ടറി ഏജന്റുമാരാണ് ഏറെയും ഇരയാവുന്നത്. അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങളിലാണു തട്ടിപ്പ് ഏറെയും. യഥാര്‍ത്ഥ ടിക്കറ്റിന്റെ അതേ നിറത്തിലും നമ്പറിലുമുള്ള ടിക്കറ്റുകളായതിനാല്‍ കണ്ണടച്ച് വിശ്വസിച്ച് ഏജന്റുമാര്‍ കയ്യില്‍നിന്ന് പണം നല്‍കും.
ഇത്തരം ഫൊട്ടോസ്റ്റാറ്റ് കോപ്പികളിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുമെന്നതും തട്ടിപ്പുകാര്‍ക്കു ഗുണകരമാണ്. ഏജന്റുമാര്‍ ഫൊട്ടോസ്റ്റാറ്റ് ടിക്കറ്റുകള്‍ ലോട്ടറി ഓഫിസുകളില്‍ ഹാജരാക്കുമ്പോഴാണു തട്ടിപ്പ് മനസിലാവുന്നത്. ഇത്തരം കേസുകള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി വകുപ്പ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സ്ത്രീശക്തിയുടെ ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡിലെ പിഴവ് മൂലം സമ്മാനാര്‍ഹര്‍ക്കു തുക ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഹരിക്കാന്‍ ക്യു ആര്‍ കോഡ് പിഴവുള്ള ടിക്കറ്റുകളില്‍ മറ്റു സുരക്ഷാ സവിശേഷതകള്‍ പരിശോധിച്ച് സമ്മാനം നല്‍കാനാണു ലോട്ടറി ഡയരക്ടറേറ്റ് ജില്ലാ, സബ് ലോട്ടറി ഓഫിസുകളോട് നിര്‍ദേശിച്ചിരിക്കുകയാണ്.
സ്ത്രീശക്തിയുടെ എസ് എസ് 316 ഭാഗ്യക്കുറിയുടെ എസ് എന്‍ സീരീസില്‍ പെട്ട ടിക്കറ്റുകളിലാണു ക്യു ആര്‍ കോഡില്‍ അച്ചടിപ്പിഴവുണ്ടായത്. ഇതു മൂലം ക്യു ആര്‍ കോഡ് റീഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ജില്ലാ ലോട്ടറി ഓഫീസില്‍ ചെന്ന ഏജന്റുമാര്‍ക്ക് തുക നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ഏജന്റുമാരില്‍ പലരും സമ്മാനാര്‍ഹര്‍ക്കു കൈയില്‍നിന്ന് പണം നല്‍കിയതിനാല്‍ സാമ്പത്തികനഷ്ടമുണ്ടായി. വ്യാജലോട്ടറി ഹാജരാക്കിയെന്ന ആരോപണം ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതായും ഏജന്റുമാരില്‍നിന്നും പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണു ടിക്കറ്റിലെ മറ്റു സുരക്ഷാ സവിശേഷതകള്‍ പരിശോധിച്ച് സമ്മാനത്തുക നല്‍കാന്‍ നിര്‍ദേശിച്ച് ലോട്ടറി ഡയരക്ടറേറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Also Read: റോഡിലെ മത്സരയോട്ടം കണ്ടുമടുത്തോ? ഫൊട്ടോയോ വീഡിയോയോ എടുക്കൂ; നടപടി ഉറപ്പ്
നിലവില്‍, ക്യു ആര്‍ കോഡും ബാര്‍ കോഡും ഉള്‍പ്പെടെ 10 സുരക്ഷാ സവിശേഷതകളോടെയാണു ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. കളര്‍ ഫൊട്ടോസ്റ്റാറ്റുകളില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ നമ്പറും ക്യു ആര്‍ കോഡും ബാര്‍ കോഡും ഉണ്ടങ്കില്‍ പോലും മറ്റു സുരക്ഷാ സവിശേഷതകള്‍ പരിശോധിച്ച് ടിക്കറ്റ് യഥാര്‍ത്ഥമാണോ വ്യാജനാണോയെന്ന് ലോട്ടറി ഓഫിസിലുള്ളവര്‍ക്ക് ഉറപ്പിക്കാന്‍ കഴിയും.
ടിക്കറ്റില്‍ ലോട്ടറി ഡയരക്ടറുടെ ഒപ്പ് പ്രിന്റ് ചെയ്യുന്ന ഭാഗത്ത് പ്രത്യേക പാറ്റേണ്‍ ഉണ്ട്. ഈ പാറ്റേണ്‍ കളര്‍ ഫൊട്ടോസ്റ്റാറ്റില്‍ തെളിയില്ല. ഇതു ശ്രദ്ധിച്ചാല്‍ തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണു ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
”ദിവസവും ഒരു കോടി ടിക്കറ്റ് വില്‍ക്കുകയും മൂന്നു ലക്ഷം പേര്‍ക്കു സമ്മാനം നല്‍കുകയും ചെയ്യുന്നതാണു കേരള ഭാഗ്യക്കുറി സംവിധാനം. അതില്‍ വളരെ ചെറിയൊരു ശതനമാണ് ഇത്തരം പ്രശ്‌നങ്ങള്‍. എങ്കില്‍ പോലും അതിനെ അവഗണിക്കുകയല്ല, മറിച്ച് കൃത്യമായ പരിഹാരം ഉടന്‍ പ്രാവര്‍ത്തികമാക്കാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നത്,” അബ്രഹാം റെന്‍ പറഞ്ഞു.