തിരുവനന്തപുരം: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനായി സംസ്ഥാനത്ത് ആദ്യമായി സംവിധാനം വരുന്നു. മറ്റാരുമില്ലാതെ ഒറ്റപ്പെട് ജീവിതം നയിക്കേണ്ടി വരുന്ന വൃദ്ധദമ്പതികൾക്കാണ് സർക്കാർ കൈത്താങ്ങ് നൽകുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോമിലാണ് ഇതിനായുളള സംവിധാനം ഒരുങ്ങുന്നത്. കെയർഹോമിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അപ്പാര്‍ട്ടുമെന്റുകളും ഡോര്‍മെറ്ററികളും നിര്‍മ്മിക്കാനാണ് സർക്കാർ പദ്ധതി. ഇതിനായി 4,49,84,000 രൂപ സർക്കാർ അനുവദിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രായമായ ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനായിട്ടുള്ള കെയര്‍ ഹോം സജ്ജമാക്കുന്നത്. നിലവില്‍ ആരുമില്ലാതെ വരുന്ന ദമ്പതികളെ വെവ്വേറെ സ്ഥലങ്ങളിലാണ് പാര്‍പ്പിക്കുന്നത്. വാർധ്യകകാലത്ത് ആരുമില്ലാതെ പിരിഞ്ഞ് താമസിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതിന് പരിഹാരമായാണ് സാമൂഹിക നീതി വകുപ്പ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
17.60 സ്‌ക്വയര്‍ മീറ്റര്‍ വീതമുള്ള 20 സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് ഡോര്‍മെറ്ററികളുമാണ് പുതുതായി നിര്‍മ്മിക്കുന്നത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഈ തുകയ്ക്കുള്ള എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ നിന്നാണ് ഈ തുക വകയിരുത്തിയിട്ടുളളത്. ഒന്നര വര്‍ഷത്തിനകം ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

ഈ ഹോമിനെ വയോജനങ്ങളുടെ മാതൃകാ ഹോമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനായും ക്ഷേമത്തിനായും സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് വരുന്നത്. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്നവര്‍ക്ക് കരുതലേകാനായുള്ള ‘സായംപ്രഭ’ പദ്ധതിയും വിജയകരമായി നടപ്പിലാക്കി വരുന്നു. അതിന്റെ ഭാഗമായാണ് ഈ കെയര്‍ ഹോമിന്റെ വികസനവും. ആയുര്‍വേദ ചികിത്സ, യോഗ, ലൈബ്രറി, ശാരീരിക മാനസിക ഉല്ലാസത്തിനായുള്ള സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഇവിടെയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

1968ല്‍ ചാക്കയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ വൃദ്ധ മന്ദിരം 2013ലാണ് പുലയനാര്‍കോട്ടയിലേക്ക് മാറ്റിയത്. രണ്ടേമുക്കാല്‍ ഏക്കര്‍ വൃസ്തീര്‍ണമുള്ള ഭൂമിയില്‍ രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ 34 മുറികളാണുള്ളത്. 60 വയസിന് മുകളിലുള്ള 105 പേരാണ് ഇപ്പോഴിവിടെ താമസിക്കുന്നത്. ഭാര്യ മരിച്ചവര്‍, ഭര്‍ത്താവ് മരിച്ചവര്‍, ജീവിതമാര്‍ഗമില്ലാത്തവര്‍, സംരക്ഷിക്കാന്‍ മറ്റാരുമില്ലാത്തവര്‍, അലഞ്ഞ് തിരിയുന്നവര്‍, ഒറ്റപ്പെട്ടവര്‍ എന്നിവരാണവരാണിവിടെ താമസിക്കുന്നവര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ