/indian-express-malayalam/media/media_files/uploads/2021/09/49.jpg)
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ് സംവിധാനം പുനഃരാരംഭിക്കുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിനമാക്കി ഉത്തരവിറക്കിയതിന് പിറകെയാണ് പഞ്ചിങ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
കോവിഡ് വ്യാപനത്തെത്തുടർന്നാണ് സംസ്ഥാനത്ത് കാർഡ് ഉപയോഗിച്ചുള്ള പഞ്ചിങ് സംവിധാനം ഒഴിവാക്കിയത്. 16 മുതൽ വീണ്ടും പഞ്ചിങ് സംവിധാനം ആരംഭിക്കുമെന്ന് സർക്കാർ ഉത്തരവിറക്കി.
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി സർക്കാർ ഇന്ന് ഉത്തരവിറക്കിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പമാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി നൽകിയത്.
സെപ്റ്റംബർ 18 ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമാകും. എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്. എല്ലാ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ പൂർണ ഹാജർ നിലയിൽ പ്രവർത്തിക്കാമെന്നും ഉത്തരവിലുണ്ട്.
അതേസമയം, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. വരുന്ന അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ബാറുകൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായേക്കും.
Also read: ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.