തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ 17 മുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാറുകളും പ്രവര്‍ത്തനാനുമതി. ഇവ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആപ്പ് മുഖേനെ സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകളുടെയും ബാറുകളുടെയും പ്രവര്‍ത്തനം. ഏത് ആപ്പ് വഴിയാണ ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.
ബാറുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. മദ്യശാലകള്‍ക്കു മുന്നില്‍ ആള്‍ക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ബെവ്കോ ഔട്ട്ലെറ്റുകളുടെയും ബാറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് ബെവ്്ക്യു ആപ്പ് കൊണ്ടുവന്നാണ് ഇവ തുറന്നത്. ബെവ്്ക്യു ആപ്പ് മുഖേനെ ബുക്കിങ് സ്വീകരിച്ച് ബെവ്കോ ഔട്ട്ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം വിതരണം ചെയ്യുന്ന രീതിയാണു അന്ന് നിലവിലുണ്ടായിരുന്നത്. ബാറുകളില്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനം അനുവദിച്ചിരുന്നില്ല. പിന്നീട് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതോടെ ബെവ്കോ ആപ്പിന്റെ പ്രവര്‍ത്തനം ഒഴിവാക്കുകയും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അവസരമൊരുങ്ങുകയുമായിരുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇന്ന് 38 പിന്നിടുകയാണ്. മേയ് എട്ടു മുതല്‍ ഒന്‍പതു ദിവസത്തെ ലോക്ക്ഡൗണാണു ആദ്യം പ്രഖ്യാപിച്ചത്. അത് ഘട്ടംഘട്ടമായി നീട്ടുകയായിരുന്നു. 17 മുതല്‍ പ്രാദേശിക രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണു ലോക്ക് ഡൗണ്‍ ഉണ്ടാവുക. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
തദ്ദേശസ്ഥാപനങ്ങളിലെ ഏഴു ദിവസത്തെ ശരാശരി ടിപിആര്‍ എട്ട് ശതമാനത്തിനു താഴെയാണെങ്കില്‍ അതിനെ കുറഞ്ഞ വ്യാപനമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് ടിപിആര്‍ എങ്കില്‍ ഭാഗിക നിയന്ത്രമുണ്ടാവും. 20 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളെ അതിതീവ്രവ്യാപനമേഖലയായി കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. ടിപിആര്‍ 30 ശതമാനതിനു മുകളിലാണെങ്കില്‍ കര്‍ശനനിയന്ത്രണം ഉണ്ടാവും.
ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. 17 മുതല്‍ മിതമായ തോതില്‍ പൊതുഗതാഗതം അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. സെക്രട്ടേറിയറ്റില്‍ 50 ശതമാനം ഹാജര്‍ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പുന്നതിനുള്ള നിരോധനം തുടരും. പാഴ്സല്‍ നല്‍കുന്നതും ഹോം ഡെലിവറിയും അനുവദിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അക്ഷയ സെന്ററുകള്‍ക്കു പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കുന്നതിന് അനുമതി ഇല്ല.
അവശ്യവസ്തു വില്‍പ്പന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ എട്ടു ശതമാനം വരെയുള്ള തദ്ദേശഭരണ പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.
വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര് എന്ന നിയന്ത്രണം തുടരും. ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്നത് പരിഗണിക്കും. പൊതു പരീക്ഷകള്‍ നടത്തും.