/indian-express-malayalam/media/media_files/uploads/2021/05/lockdown-2.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് വരെ നീട്ടിയെങ്കിലും ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. തുണി, ചെരുപ്പ് കടകൾ, പുസ്തക കടകൾ, ജുവലറി എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ തുറക്കാം. ബാങ്കുകൾക്ക് ബുധൻ, വെളളി ദിവസങ്ങളിൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാം. പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയവർക്ക് ജോലിയിൽ പ്രവേശിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പകുതി ജീവനക്കാരുമായി തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ ഇളവുകൾ
- വ്യാവസായിക സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും (കശുവണ്ടി, കയർ, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
- വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ / കടകൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം
- വ്യാവസായിക മേഖലകളിൽ ആവശ്യമനുസരിച്ച് കുറഞ്ഞ അളവിൽ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അനുമതി
- ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികൾ ബാങ്കുകൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും.
- വിവാഹങ്ങൾ കണക്കിലെടുത്ത് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ വിൽക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി.
- പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം
- കള്ള് ഷാപ്പുകളിൽ പാർസൽ അനുവദനീയമാണ്.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ പണം അയയ്ക്കാൻ അനുവാദമുണ്ട്ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാൻ അവരെ അനുവദിച്ചിരിക്കുന്നു.
- എല്ലാ സ്ഥാപനങ്ങളും / കടകളും കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ ഉറപ്പാക്കണം.
- സർക്കാർ സർവീസിൽ പുതുതായി നിയമിതരായവർക്ക് പിഎസ്‌സി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
ലോക്ക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടത്തിലേക്ക് സംസ്ഥാനം എത്തിച്ചേർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി
ലോക്ക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടത്തിലേക്ക് സംസ്ഥാനം എത്തിച്ചേർന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു."ആശുപത്രി രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കാര്യമായ കുറവ് വന്നാൽ മാത്രമാണ് ലോക്ക്ഡൗൺ ഒഴിവാക്കാനാവുക. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിൽ താഴെയാകണം. മൂന്ന് ദിവസത്തെ തുടർച്ചയായ ടിപിആർ 15 ശതമാനത്തിന് താഴെ ആകണം." മുഖ്യമന്ത്രി പറഞ്ഞു
Read Also: വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് നേരത്തെ; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നൽകും
Read More: മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു
ലോക്ക്ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയുമാണ്. അതേയസമയം കോവിഡ് മരണസംഖ്യ കുറയുന്നില്ല. ഇത് സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ അറ്റകുറ്റപണികൾ നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസം തുറക്കാനുള്ള അനുമതിയാണ് നൽകിയത് .
ഇതിനു പുറമെ ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി അവ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകി. വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലത്തേക്ക് എത്തിക്കുന്ന വാഹനങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.