തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും സംസ്ഥാനത്തിപ്പോൾ സമ്പൂർണ ലോക്ക്‌ഡൗണ്‍ ഏർപ്പെടുത്തില്ല. സമ്പൂർണ അടച്ചുപൂട്ടലിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നെങ്കിലും സർവകക്ഷിയോഗത്തിലും വിദഗ്‌ധ സമിതിയിലും ഭിന്നാഭിപ്രായം ഉടലെടുത്ത സാഹചര്യത്തിൽ പെട്ടന്നൊരു ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിൽ ഭരണ-പ്രതിപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ ലോക്ക്‌ഡൗണിനോട് വിയോജിച്ചു. സമ്പൂർണ ലോക്ക്‌ഡൗൺ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. “വീണ്ടുമൊരു സമ്പൂർണ ലോക്ക്‌ഡൗൺ വേണ്ട. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മതി” ചെന്നിത്തല പറഞ്ഞു. സമ്പൂർണ ലോക്ക്‌ഡൗൺ വേണ്ട എന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു.

Read Also: Horoscope Today July 25, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ക്ലസ്റ്ററുകളിൽ കർശന നടപടി മതിയെന്ന് സർവകക്ഷിയോഗത്തിൽ അഭിപ്രായം ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. നിലവിൽ പാലിക്കുന്ന രീതി തുടരും. സമ്പൂർണ ലോക്ക്‌ഡൗണ്‍  വേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ അപ്പോൾ തീരുമാനിക്കും. ഈ ആഴ്‌ച ഏതായാലും സമ്പൂർണ ലോക്ക്‌ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

മേഖലകൾ തിരിച്ചുള്ള നിയന്ത്രണം

കോവിഡ് വ്യാപനം നിയന്ത്രണാതീതമായാൽ മേഖല തിരിച്ച് ലോക്ക്‌ഡൗണ്‍ നടപ്പാക്കാനുള്ള വിദഗ്‌ധ നിർദേശവും സർക്കാർ പരിഗണനയിലുണ്ട്. കേരളത്തെ വിവിധ മേഖലകളായി തിരിച്ച്, ഓരോ മേഖലയും കൃത്യം ദിവസം കണക്കാക്കി അടച്ചുപൂട്ടുക എന്നതാണ് നിർദേശം. ഈ മേഖലയിൽ നിന്ന് പുറത്തേക്കോ, അകത്തേയ്‌ക്കോ പ്രവേശനമുണ്ടാകില്ല. നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഇത്. മേഖലകൾ തിരിച്ച് കർശന നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.