scorecardresearch
Latest News

ലോക്ക്ഡൗണ്‍: കേരളത്തിൽ നാളെ മുതൽ ഇളവുകൾ എവിടെയെല്ലാം? എങ്ങനെ?

ഇളവുകൾ ഉണ്ടെന്ന് കരുതി തോന്നിയ പോലെ പുറത്തിറങ്ങാൻ സാധിക്കില്ല, സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങാൻ ചില മാർഗനിർദേശങ്ങളുണ്ട്

ലോക്ക്ഡൗണ്‍: കേരളത്തിൽ നാളെ മുതൽ ഇളവുകൾ എവിടെയെല്ലാം? എങ്ങനെ?

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ രാജ്യത്ത് തുടരുകയാണെങ്കിലും കേരളത്തിൽ നാളെ മുതൽ വിവിധ ജില്ലകൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുണ്ട്. എന്നാൽ, കർശന ഉപാധികളോടെയാണ് ഇളവുകൾ ഉള്ളത്.

ഇളവുകൾ ആർക്കൊക്കെ

സംസ്ഥാനത്തെ ജില്ലകളെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് മേഖലകളായി ജില്ലകളെ തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രീൻ, ഓറഞ്ച് ബി എന്നീ മേഖലകളിൽ ഉൾപ്പെടുന്ന ജില്ലകൾക്ക് മാത്രമാണ് നാളെ മുതൽ ഇളവുകൾ ലഭിക്കുക.

ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലെ ജില്ലകൾ ഏതെല്ലാം? 

ഗ്രീൻ: ഇടുക്കി, കോട്ടയം

ഓറഞ്ച് ബി: തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, തൃശൂർ

Read Also: ലോക്ക്ഡൗൺ ഇളവ് നാളെമുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും ഏതെല്ലാം?

അതിർത്തി കടന്നുള്ള യാത്രകൾ അനുവദനീയമോ? 

ഇളവുകൾ അനുവദിച്ചിട്ടുള്ള ജില്ലകളിൽ പോലും അതിർത്തികടന്നുള്ള യാത്ര അനുവദനീയമല്ല. മേയ് മൂന്ന് വരെ ജില്ലാ അതിർത്തി കടന്നുള്ള എല്ലാ യാത്രകൾക്കും നിരോധനമുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ 

ഇളവുകൾ ഉള്ള ഗ്രീൻ, ഓറഞ്ച് ബി സോണുകളിലും ജനങ്ങൾ കൂടിചേരുന്ന പരിപാടികൾക്ക് നിയന്ത്രണം തുടരും. മരണാനന്തര ചടങ്ങുകൾക്കും വിവാഹ ചടങ്ങുകൾക്കും പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവൂ. ഒരു കാരണവശാലും 20 പേരിൽ കൂടുതൽ പങ്കെടുക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല.

സ്വകാര്യവാഹന ഗതാഗതം എങ്ങനെ? 

ഇളവുകൾ ഉള്ള ജില്ലകളിൽ ആർക്കും എങ്ങനെയും പുറത്തിറങ്ങാൻ സാധിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങാൻ മാർഗനിർദേശമുണ്ട്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് നമ്പറുകളില്‍ (ഒറ്റസംഖ്യ) അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി. മറ്റ് ദിവസങ്ങളിൽ യാത്ര ചെയ്യാൻ അനുവാദമില്ല.

പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഞായറാഴ്‌ച ആർക്കും യാത്രാനുമതി ഇല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

Read Also: ‘എന്റെ ആൾ’; കെ.എൽ രാഹുലിനെ ‘സ്വന്തമാക്കി’ ആതിയ ഷെട്ടി

മറ്റ് ജില്ലകളിൽ ഇളവുകൾ എങ്ങനെ? 

ഇതിൽ റെഡ് മേഖലയിൽ ഉൾപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മേയ് മൂന്ന് വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഇവിടെ യാതൊരു ഇളവുകളും അനുവദിക്കില്ല.

ഓറഞ്ച് എ മേഖലയിൽ ഉൾപ്പെടുന്ന ജില്ലകൾക്ക് ഏപ്രിൽ 24 മുതൽ ഇളവുകൾ ലഭ്യമാകും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ പറഞ്ഞ ഇളവുകൾ ഏപ്രിൽ 24 മുതൽ ഓറഞ്ച് എയിൽ ഉൾപ്പെട്ട ജില്ലകളിൽ ലഭ്യമാകും.

നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കിയ മേഖലകൾ

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

Read Also: വിവാദങ്ങൾ തള്ളിക്കളയുന്നു, ജനം വിലയിരുത്തട്ടെ: മുഖ്യമന്ത്രി, വീഡിയോ

കേരളത്തിൽ ഇന്ന് 

സംസ്ഥാനത്ത് ഇന്നു രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും വിദേശത്തു നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് 13 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോഡ് ജില്ലയിലെ എട്ട് പേരുടെ ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ സംബന്ധിച്ചിടുത്തോളം ആശ്വാസവാർത്തയാണിത്. സംസ്ഥാനത്ത് കൂടുതൽ കോവിഡ് ബാധിതരുള്ളത് കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ് ഫലം നെഗറ്റീവ് ആയി. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുടെയും ഫലം ഇന്നു നെഗറ്റീവായി.

ഇതുവരെ 401 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്. 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 18,547 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lock down relaxations all details to know