scorecardresearch
Latest News

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സാധ്യത; നടപടികൾ ആരംഭിച്ചു

മേയ് മൂന്നിന് ശേഷം ഏത് സമയത്തും മദ്യശാലകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സാധ്യത; നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകൾ തുറക്കാൻ സാധ്യത. സമ്പൂർണ അടച്ചുപൂട്ടൽ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകൾ സാധാരണ നിലയിൽ തുറന്നുപ്രവർത്തിച്ചേക്കും. ‌മേയ് മൂന്നിന് ശേഷം കേന്ദ്രം പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കും. നിയന്ത്രണങ്ങളിലെ ഇളവുകൾ ഏതെല്ലാം എന്നു വ്യക്തമായ ശേഷമായിരിക്കും മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്ന നടപടിയിലേക്ക് ബെവ്‌കോ കടക്കൂ. കടുത്ത നിയന്ത്രണങ്ങളോടെ ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറന്നുപ്രവർത്തിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

മേയ് മൂന്നിന് ശേഷം ഏത് സമയത്തും മദ്യശാലകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെവ്‌കോ എംഡി ഇതുമായി ബന്ധപ്പെട്ട് എല്ലാ മാനേജർമാക്കും നിർദേശം നൽകിയിട്ടുണ്ട്. പത്തിന നിർദേശങ്ങളാണ് എംഡി ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്‌ക്ക് മദ്യശാലകൾ തുറക്കാൻ തയ്യാറായിരിക്കണമെന്ന് എംഡിയുടെ ഉത്തരവിലുണ്ട്.

Read Also: ഇന്നുമുതൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ലംഘിച്ചാൽ 200 രൂപ പിഴ, ആവർത്തിച്ചാൽ 5,000

മദ്യശാലകൾ തുറക്കാൻ സർക്കാർ നിർദേശം ലഭിച്ചാൽ ഉടൻ ഷോപ്പുകൾ തുറന്ന് വൃത്തിയാക്കണം. മദ്യശാലകൾ വൃത്തിയായി സൂക്ഷിക്കണം. ജീവനക്കാർ സാമൂഹിക അകലം പാലിക്കണം. ജീവനക്കാർക്ക് മാസ്‌ക് നിർബന്ധം. ഹാൻഡ് സാനിറ്റൈസർ നിർബന്ധമായും സൂക്ഷിക്കണം. സാനിറ്റൈസർ ഉപയോഗിച്ച ശേഷമേ ഉപഭോക്താവിനെ മദ്യം വാങ്ങാൻ കയറ്റിവിടൂ. മദ്യം വാങ്ങാനെത്തുന്നവർക്ക് പരിശോധന നടത്തണം തുടങ്ങിയ നിർദേശങ്ങൾ ബെവ്‌കോ എംഡി നൽകുന്നു. ഷോപ്പുകൾ തുറക്കാനും ആവശ്യമായ ജീവനക്കാരുടെ എണ്ണം ഉറപ്പിക്കാനും മാനേജർമാർക്ക് എംഡി നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചത്. മേയ് മൂന്ന് വരെ മദ്യശാലകൾ തുറക്കില്ലെന്ന് പിന്നീട് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. മദ്യം ലഭിക്കാത്തതു മൂലം ശാരീരിക, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഇതിനു വിലങ്ങിട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lock down liquor shops will open shortly beverages