തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഒക്‌ടോബർ അവസാന വാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ പറഞ്ഞു.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. ഏഴ് ജില്ലകൾ വീതം ഓരാേ ഘട്ടത്തിലും. വോട്ടിങ് സമയം ഓരോ മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വെെകീട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ്. പുതുക്കിയ വോട്ടർ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.

Read Also: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ്; 14 പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 14 ലക്ഷത്തോളം പുതിയ വോട്ടർമാർ ഇത്തവണയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 2015 ൽ 2.51 കോടി വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. വോട്ടർമാരുടെ എണ്ണത്തിനു ആനുപാതികമായി പോളിങ് ബൂത്തകൾ ക്രമീകരിക്കും. പോളിങ് ബൂത്തുകളിൽ തിരക്ക് വർധിച്ചാൽ അത് കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകുമെന്നതിനാൽ അതീവ ജാഗ്രതയോടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനാർഥികൾക്ക് പ്രചാരണത്തിനു വീടുകളിൽ കയറിയിറങ്ങാൻ അടക്കം നിയന്ത്രണങ്ങളുണ്ടാകും.

അതേസമയം, വാർഡ് വിഭജനം ഇത്തവണ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കാരണം വാർഡ് വിഭജന ജോലികൾ പൂർത്തിയാക്കാൻ തടസമുള്ളതിനാലാണിത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.