/indian-express-malayalam/media/media_files/2025/11/10/local-election-2025-11-10-16-14-10.jpg)
തദ്ദേശ പോരിലേക്ക് കേരളം
Local Body Election 2025: കൊച്ചി: വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഡിസംബർ ഒൻപത് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11 ന് നടക്കും.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപേ സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ സ്ഥാനാർഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടന്നിരുന്നു. യുഡിഎഫ് സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷനുകളിലേക്കുമുള്ള സ്ഥാനാർഥികളെ ഏറെക്കുറെ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സ്ഥാനാർഥി നിർണയം അന്തിമ ഘട്ടത്തിലാണ്. വിജയസാധ്യതയുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കളം നിറഞ്ഞു.
ഭരണതുടർച്ച ലക്ഷ്യമിട്ട് ഇടതുപക്ഷം
സംസ്ഥാനത്ത് ഭരണതുടർച്ചയാണ് എൽഡിഎഫ് ലക്ഷ്യം. അതിന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാം. എങ്ങനെയും കഴിഞ്ഞ തവണ നേടിയ മേൽക്കൈ ഇത്തവണയും നിലനിർത്തുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ കണ്ണൂർ ഒഴികെ ബാക്കി അഞ്ചും എൽഡിഎഫിന്റെ കൈകളിലാണ്. ഇവ നിലനിർത്തുന്നതിനൊപ്പം കണ്ണൂർ കോർപ്പറേഷനിൽ അധികാരത്തിലെത്താനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
കോവിഡിനിടെ നടന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാഞ്ഞത് മുൻസിപ്പാലിറ്റികളിലാണ്. സംസ്ഥാനത്ത് ആകെയുള്ള 87 നഗരസഭകളിൽ 44 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ഭരണത്തിൽ എത്താൻ കഴിഞ്ഞത്. 41 നഗരസഭകൾ യുഡിഎഫ് ഭരിക്കുമ്പോൾ പന്തളം, പാലക്കാട് നഗരസഭകളിൽ ബിജെപിയാണ് ഭരണത്തിൽ.
അതേസമയം ത്രിതല പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റമാണ് 2020-ൽ കാണാൻ കഴിഞ്ഞത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്തും എൽഡിഎഫാണ്. 152 ബ്ലോക്ക് പഞ്ചായത്തിൽ 113-ലും ഇടതുതോരാട്ടമായിരുന്നു. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 571 പഞ്ചായത്തുകളും എൽഡിഎഫിന്റെ കൈകളിലാണ്.
ത്രിതല പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലെയും മേൽക്കൈ നിലനിർത്തുന്നതിനൊപ്പം കൂടുതൽ നഗരസഭകൾ പിടിച്ചെടുക്കാനും ഇടതുപക്ഷം ലക്ഷ്യമിടുന്നു. ക്ഷേമ പെൻഷൻ വർധനവുൾപ്പടെയുള്ള അടുത്തക്കാലത്തെ സർക്കാർ പ്രഖ്യാപനങ്ങൾ മുൻ നിർത്തിയാകും പ്രചാരണം. ഇതിനൊപ്പം തിരുവനന്തപുരം മെട്രോ ഉൾപ്പടെയുള്ള വൻകിട പ്രഖ്യാപനങ്ങളും പ്രചാരണത്തിൽ ഇടം നേടും.
എല്ലായിടത്തും സ്ഥാനാർഥികളെ നിശ്ചിയിച്ച് കഴിഞ്ഞെന്നും ഇടതുമുന്നണി വർധിത ആവശത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർവശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കും. ഫലപ്രദമായ സ്ഥാനാർത്ഥികളെ ഇറക്കും തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർധിപ്പിക്കും. കണ്ണൂർ പിടിക്കണം. ഞങ്ങളുടെ എലാവരും പ്രമുഖ സ്ഥാനാർഥികളാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
യുഡിഎഫിന് ജീവൻമരണ പോരാട്ടം
തുടർച്ചയായി പത്ത് വർഷം പ്രതിപക്ഷത്തായിരുന്ന യുഡിഎഫിന് ഇക്കുറി സംസ്ഥാന ഭരണം നേടാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. എന്ത് വിലകൊടുത്തും വിജയം നേടാനാണ് യുഡിഎഫിന്റെ ശ്രമം. അതിനായി കരുത്തരായ സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് യുഡിഎഫിന്റെ സർജിക്കൽ സ്‌ട്രൈക്ക. തിരുവനന്തപുരം നഗരസഭയിൽ കെഎസ് ശബരിനാഥിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതെല്ലാം ഇതിന്റെ ഭാഗമാണ്.
Also Read:യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല
കോൺഗ്രസിന്റെ കുത്തകയായിരുന്ന കൊച്ചി കോർപ്പറേഷൻ ഉൾപ്പടെ കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് യുഡിഎഫിന് വൻ പ്രഹരമാണ് സൃഷ്ടിച്ചത്. കൊച്ചി അടക്കമുള്ള കോർപ്പറേഷനുകൾ തിരിച്ചുപിടിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. അതിനായി സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾക്കാണ് ഓരോ കോർപ്പറേഷനുകളുടെയും ചുമതല നൽകിയിരിക്കുന്നത്. കെ. മുരളീധരനാണ് തിരുവനന്തപുരത്തിന്റെ ചുമതത. കോഴിക്കോട് രമേശ് ചെന്നിത്തലയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇത്തരത്തിൽ ഓരോ കോർപ്പറേഷനിലെയും തിരഞ്ഞെടുപ്പ് ചുമതലകൾ പ്രമുഖ നേതാക്കൾക്കാണ് നൽകിയിരിക്കുന്നത്.
നഗരസഭകളിൽ കൂടുതൽ മുന്നേറ്റത്തിനും ഐക്യ ജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നു. എല്ലായിടത്തും അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലെ കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത തിരിച്ചടിയെയും യുഡിഎഫിന് മറികടക്കേണ്ടതുണ്ട്. 941 പഞ്ചായത്തുകളിൽ ആകെ 351 പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്.
ഭരണവിരുദ്ധ വികാരത്തെ എടുത്തികാട്ടിയാവും യുഡിഎഫ് പ്രചാരണം. ഇതിനൊപ്പം അടുത്തക്കാലത്തെ ശബരിമല മോഷണ വിവാദവും യുഡിഎഫ് പ്രചാരണ വിഷയമാക്കും. ദേശീയ- സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളേക്കാൾ ജാതി-സാമൂദായിക സമവാക്യങ്ങളും വ്യക്തി പ്രഭാവവും പ്രധാനമാകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ച് കൂടുതൽ വോട്ടുറപ്പിക്കാനാണ് യുഡിഎഫ് ലക്ഷ്യം.
മുന്നേറ്റത്തിന് ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ പരമാവധി നേട്ടം ഉണ്ടാക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ ശ്രമം. തിരുവനന്തപുരം, തൃശൂർ അടക്കം പാർട്ടിയ്ക്ക് വേരോട്ടമുള്ള കോർപ്പറേഷനുകളിൽ ഭരണപിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനാർഥി നിർണയം ഇതിനോടകം പൂർത്തിയായി. തൃശൂരിൽ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്.
പന്തളം, പാലക്കാട് നഗരസഭകളിലാണ് നിലവിൽ ബിജെപി ഭരണത്തിലുള്ളത്. ഇതിനപ്പുറം നഗരസഭകളിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിജെപിയുടെ എക്ലാസ് നഗരസഭകളിൽ അധികാരം നേടാനും മറ്റിടങ്ങളിൽ മുഖ്യ പ്രതിപക്ഷമാകാനുമുള്ള ശ്രമങ്ങളാണ് പാർട്ടി ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്തുകളിലാണ് കഴിഞ്ഞ തവണ എൻഡിഎയ്ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. ബിജെപി ഭരണത്തിലുണ്ടായിരുന്ന പല പഞ്ചായത്തുകളും കഴിഞ്ഞ തവണ നഷ്ടപ്പെട്ടിരുന്നു. ഇവ തിരിച്ചുപിടിക്കുന്നതിനൊപ്പം കൂടുതൽ ഇടങ്ങളിൽ വിജയം ഉറപ്പിക്കാനും മുന്നണി ലക്ഷ്യമിടുന്നു.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തികാട്ടിയാകും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇതിനൊപ്പം ശബരിമല സ്വർണക്കൊള്ളയും മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കും. ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിലനിർത്താനുള്ള ശ്രമവും ബിജെപിയുടെ ഭാഗത്തുണ്ട്. സാമൂദായിക പരിഗണനകൾ പാലിച്ചുള്ള സീറ്റ് വിഭജനത്തിനാണ് എൻഡിഎ ശ്രമിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷങ്ങളുടെ വോട്ടും തങ്ങൾക്കൊപ്പം നിലനിർത്താനാണ് എൻഡിഎയുടെ ശ്രമം.
Read More:മോഷണം പോയ ഫോൺ അന്വേഷിച്ചെത്തി; മലയാളി ആർപിഎഫ് ഉദ്യോഗസ്ഥന് ക്രൂര മർദനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us