തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജനുവരി 22ന് രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വളരെ വേഗത്തിൽ തന്നെ ഫലം അറിയാനും സാധിക്കും.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനുവരി നാലിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിണ് വോട്ടെടുപ്പ്. വോട്ടിങ്ങിനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. കെെയിൽ സാനിറ്റെെസർ ഉണ്ടായിരിക്കണം. വരിയിൽ നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം. വോട്ടിങ്ങിന് മുൻപോ ശേഷമോ പോളിങ് ബൂത്തുകളുടെ സമീപം കൂട്ടം കൂടി നിന്ന് സംസാരിക്കരുത്. സ്വന്തമായി പേന കെെയിൽ വേണം. വോട്ടിങ്ങിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവരരുത്.