കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. കോഴിക്കോട് കടപ്പുറത്തെ പ്രത്യേകം ഒരുക്കിയ വേദികളിലാണ് കെഎല്‍എഫ് നടക്കുന്നത്.
ഇന്ന് വൈകിട്ട് ആറിന് എം.ടി.വാസുദേവന്‍ നായര്‍ തിരി തെളിച്ച് സാഹിത്യോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. എന്നാൽ രാവിലെ മുതൽ മേള സജീവമായി കഴിഞ്ഞിരുന്നു. വ്യത്യസ്ത വേദികളിലായി വ്യത്യസ്ത വിഷയങ്ങളിൽ സംവാദവും ചർച്ചയും പുരോഗമിക്കുകയാണ്.

പ്രളയാനന്തരം- അനുഭവവും സാഹിത്യവും എന്ന സെഷനിൽ സേതു, ബെന്യാമിൻ, എൻ പി ഹഫീസ് മുഹമ്മദ്, മനോജ് കുരൂർ എന്നിവർ സംസാരിച്ചു.

തീണ്ടനാരികളും അയ്യപ്പനും എന്ന സെഷനിൽ ലക്ഷ്മി രാജീവ്, ഖദീജ മുംതാസ്, പി കെ സജീവ്, കെ ടി കുഞ്ഞിക്കണ്ണൻ, ആർ രാജശ്രീ എന്നിവരും സംസാരിച്ചു.
അരുന്ധതി റോയ്, രാമചന്ദ്രഗുഹ, ശശിതരൂര്‍, എം.ടി.വാസുദേവന്‍ നായര്‍, പ്രകാശ് രാജ്, ചേതന്‍ഭഗത്, അമിഷ് ത്രിപാഠി, ശോഭാ ഡേ, സ്വാമി അഗ്‌നിവേശ്, ഗൗര്‍ ഗോപാല്‍ദാസ്, എം.മുകുന്ദന്‍, ആനന്ദ്, സക്കറിയ, കെ.ആര്‍.മീര, ബെന്യാമിന്‍ സുനില്‍ പി.ഇളയിടം തുടങ്ങി അഞ്ഞൂറിലേറെ എഴുത്തുകാരും ചിന്തകരും സാംസ്‌കാരികപ്രവര്‍ത്തകരും നാലുദിവസങ്ങളിലായി ഫെസ്റ്റിവലിന്റെ ഭാഗമാകും.

എല്ലാം ദിവസങ്ങളിലും വൈകുന്നേരം രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരുടെ സംഗീത, നൃത്തസമന്വയവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത കവി കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കല, സാഹിത്യം, രാഷ്ടീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഫെസ്റ്റിവലിൽ ചര്‍ച്ചയാവും.
