തിരുവനന്തപുരം: ഇടത് സർക്കാരിന്റെ മദ്യനയ പ്രഖ്യാപനം നീളും. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പിണറായി സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുക. നേരത്തെ പരിഷ്കരിച്ച മദ്യനയം മാർച്ച് മാസം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രഖ്യാപനം നീട്ടിയതിന്റെ കാരണം വ്യക്തമല്ല.

അതേസമയം ദേശീയപാതയോരത്തെ ബിയർ, വൈൻ പാർലറുകൾ മാറ്റേണ്ടതില്ല​ എന്ന് മന്ത്രിസഭയോഗം തീരുമാനിച്ചു. ദേശീയപാതയോരത്തെ മദ്യാശാലകൾ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയെ സംബന്ധിച്ച് സംസ്ഥാന സർക്കാർ അറ്റോണി ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ബിയർ,വൈൻ പാർലറുകൾ മാറ്റേണ്ടതില്ല എന്ന അറ്റോണി ജനറൽ മുഗുൾ റോത്തഖിയുടെ നിയമോപദേശം അംഗീകരിച്ച് കൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.

അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകൾ ദേശീയപാതയോരത്ത് നിന്ന് മാറ്റാൻ പൊലീസിന്റെ സഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബീവറേജസ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ