തിരുവനന്തപുരം: കാറുംകോളും നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ സംസ്ഥാന നിയമസഭാ സമ്മേളനം ജൂൺ നാലിന് ആരംഭിക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്​ വിജയത്തിന്റെ ചെങ്കൊടിയേന്തി എത്തുന്ന ഭരണപക്ഷവും പരാജയത്തിന്റെ കനത്ത അടിയിൽ പ്രതിപക്ഷവും ആവും നിയമസഭ സമ്മേളനത്തിന് എത്തുക.

കേരള രാഷ്ട്രീയത്തിനെ ഇളക്കിമറിച്ച പൊലീസ് അതിക്രമങ്ങളുടെയും നിപ്പ വൈറസ് ബാധയുടെയും ഒക്കെ പശ്ചാത്തലത്തിലാണ് സമ്മേളനം ചേരുന്നത്. ചെങ്ങന്നൂരിൽ ലഭിച്ച വിജയമായിരിക്കും ഭരണപക്ഷത്തിന്റെ പ്രതിരോധത്തിന്റെ കുന്തമുന. പൊലീസ് അതിക്രമങ്ങളും നിപ്പ വൈറസ് ബാധയും അതിലെ സർക്കാർ നടപടികളുമായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധപ്പുര.

പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കുമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യത്തെ രണ്ടു ദിവസം ആറ് ബില്ലുകള്‍ നിയമസഭയുടെ പരിഗണനയ്ക്കുവരും. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള പഞ്ചായത്ത്‌ രാജ് (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി രണ്ടാം (ഭേദഗതി) ബില്‍ എന്നിവ നാലിനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (ഭേദഗതി) ബില്‍, കേരള സര്‍വകലാശാലാ (ഭേദഗതി) ബില്‍, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താത്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ അഞ്ചിനും സഭ ചര്‍ച്ച ചെയ്യും.

ഓര്‍ഡിനന്‍സുകളെല്ലാം നിയമമാക്കുന്നത് പരിഗണിക്കുന്നതിനുപുറമേ പ്രസിദ്ധീകരിച്ചതും അവതരിപ്പിക്കാത്തതുമായ 17 ബില്ലുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രസിദ്ധീകരിക്കാന്‍ ബാക്കി 19 ബില്ലുകളുണ്ട്.

2018-19 ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും 13 ന് നടക്കും. നിയമനിര്‍മാണത്തിനായി മാറ്റിവച്ച മറ്റ് ദിവസങ്ങളില്‍ കാര്യോപദേശ സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം ജൂണ്‍ 14, 15 തീയതികളില്‍ സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. ജൂണ്‍ 21ന് പതിനൊന്നാം സമ്മേളനം അവസാനിക്കും.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രാജ്യചരിത്രത്തില്‍ത്തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കേരള നിയമസഭ കാഴ്‌ചവച്ചിട്ടുള്ളതെന്ന് സ്‌പീക്കര്‍ പറഞ്ഞു. 125 ദിവസമാണ് ആകെ സഭ സമ്മേളിച്ചത്. രാജ്യത്തിന്റെ ദേശീയ ശരാശരി 30-40 ദിവസങ്ങളാണ് എന്ന സാഹചര്യത്തിലാണ് കേരള നിയമസഭ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമ്മേളനം നിര്‍ണായക പങ്ക് വഹിക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ