തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനം 32 ദിവസം നീളും. പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം ബജറ്റ് പൂർണമായി പാസാക്കുന്നതിനാണ് പ്രധാനമായി ചേരുന്നത്. ബജറ്റ് പാസാക്കുന്നതിനു പുറമേ സ്കൂളുകളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതുൾപ്പെടെയുളള പ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും.

ബജറ്റ് ധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി ആറുദിവസവും നീക്കിവച്ചിട്ടുണ്ട്. ഒന്നാം കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 27 ന് ഒരു ദിവസത്തെ സമ്മേളനം സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ ചേരും.

അതേസമയം, സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആഞ്ഞടിക്കും. മണിയുടെ രാജിയും മൂന്നാർ ഒഴിപ്പിക്കലും സെൻകുമാറിന്റ വിധിയും ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ