തിരുവനന്തപുരം: സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കായി മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മാണം.

യന്ത്രവല്‍കൃതമല്ലാത്തത് ഉള്‍പ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തില്‍ അധിഷ്ഠിതമായ എല്ലാ ഗതാഗത സംവിധാനങ്ങള്‍ക്കും യോജിച്ചതും ഏകോപിപ്പിച്ചതുമായ സ്മാര്‍ട്ട് ടിക്കറ്റ് വിതരണ സംവിധാനം, നഗര ഗതാഗത സേവനം മെച്ചപ്പടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഗതാഗത മന്ത്രി ചെയര്‍പേഴ്സണായും വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍പേഴ്സണായും ഉള്ള അതോറിറ്റിയില്‍ നാല് വിദഗ്ധര്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍ ഉണ്ടാകും.

അതോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങള്‍ പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അതിരുകളും പ്രദേശങ്ങളും കാണിക്കുന്ന ഭൂപടം പ്രസിദ്ധപ്പെടുത്തും. മൊബിലിറ്റി പ്രദേശത്ത് മറ്റു പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഒരു അര്‍ബന്‍ മൊബിലിറ്റി പ്രദേശത്തിന് ഒരു അതോറിറ്റിയാണ് രൂപീകരിക്കാവുന്നത്.

നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കാതെ തന്നെ അതോറിറ്റികള്‍ രൂപീകരിക്കാം. ആദ്യം കൊച്ചി കോര്‍പ്പറേഷന്‍ പരിധി ഉള്‍പ്പെടുന്ന അര്‍ബന്‍ മൊബിലിറ്റി പ്രദേശത്ത് അതോറിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതോറിറ്റി രൂപീകരണത്തിന് മുന്‍പു തന്നെ നഗരഗതാഗത സംയോജനത്തിനായി ‘സീംലെസ് മൊബിലിറ്റി ഫോര്‍ കൊച്ചി’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ സംരഭത്തിന് മികച്ച സിറ്റി ബസ് സര്‍വീസ് പദ്ധതിക്കുള്ള കേന്ദ്രപുരസ്‌കാരം ലഭിച്ചിരുന്നു.

ബന്ധപ്പെട്ട മേഖലയിലെ സ്വകാര്യ ബസുകളുടെ സംയോജിത സമയക്രമീകരണം, റൂട്ട് പുനഃക്രമീകരണം എന്നിവ സംബന്ധിച്ച പൂര്‍ണചുമതല അതോറിറ്റിക്കാണ്. മാസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കാര്യക്ഷമമാക്കാന്‍ സ്റ്റേജ് കാര്യേജ് ബസുകളുടെ റോഡ് നികുതി കുറയ്ക്കുകയും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ബസ് സ്റ്റാന്‍ഡ് ഫീസ്, ടോള്‍ എന്നിവ ഒഴിവാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

പ്രധാനകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്കു സമീപം ഓട്ടോ, ടാക്സി പാര്‍ക്കിങ് സൗകര്യം, നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയവയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. നഗര ഗതാഗതനിധി രൂപീകരിക്കാനും ഗതാഗത നിക്ഷേപ പദ്ധതിയ്ക്ക് രൂപം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.