തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നേരെ പ്രതിപക്ഷത്തിന്റെ ബഹളം. വി.ഡി.സീശൻ എംഎൽഎയുടെ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിനിടെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബഹളം തുടങ്ങിയത്. പിന്നീട് സ്പീക്കർക്ക് നേരെ ആക്രോശിച്ച പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി വകുപ്പ് ഡയറക്ടറായ ബിജു പ്രഭാകറും തമ്മിൽ ഇന്നലെയുണ്ടായ കുറ്റാരോപണ വിവാദമാണ് അടിയന്തിര പ്രമേയ നോട്ടീസിന് കാരണമായത്. വി.ഡി.സതീശൻ നോട്ടീസ് അവതരണം ആരംഭിച്ച ശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.

വി.ഡി.സതീശൻ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിൽ കൃഷി വകുപ്പിൽ അഴിമതിയാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഈ സമയത്ത് സ്പീക്കർ കൃഷി വകുപ്പിലെ അഴിമതിയല്ല, ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് വിഷയമെന്ന് തിരുത്തി. വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

എന്നാൽ കൃഷി വകുപ്പിനെതിരായോ ഉദ്യോഗസ്ഥർക്കെതിരായോ താൻ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് വി.ഡി.സതീശൻ സ്പീക്കർക്ക് മറുപടി നൽകി. “ഞാൻ ഉദ്യോഗസ്ഥർക്കെതിരായോ മന്ത്രിക്കെതിരായോ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല. വകുപ്പിന്റെ പ്രവർത്തനം താളം തെറ്റി. ഉദ്യോഗസ്ഥർ തമ്മിൽ ഐക്യമില്ല. ഇക്കാര്യമാണ് ഉന്നയിച്ചത്. അടിയന്തിര പ്രമേയത്തിനുള്ള അപേക്ഷയിൽ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. അത് വായിച്ചു നോക്കണം” എന്ന് വി.ഡി.സതീശൻ സ്പീക്കറോട് പറഞ്ഞു.

ഇന്നലെയാണ് കൃഷി വകുപ്പിൽ ഉദ്യോഗസ്ഥർ തമ്മിൽ പോര് മുറുകിയത്. ചട്ടങ്ങൾക്ക് അനുസരിച്ച് ജോലിയെടുത്താലും മനഃപൂർവം വിജിലൻസ് കേസിൽ കുടുക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രമിക്കുന്നതെന്നും ഇനി ജോലിയിൽ തുടരാനില്ലെന്നും കാണിച്ചാണ് ബിജു പ്രഭാകർ മന്ത്രിക്ക് അവധി അപേക്ഷ കൊടുത്തത്.

ഇന്നലെ വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം രാജു നാരായണ സ്വാമിക്കെതിരെ തുറന്നടിച്ചതോടെ സംഭവം വിവാദമായി. ഇതിന് മറുപടിയുമായി രംഗത്തെത്തിയ രാജു നാരായണ സ്വാമി ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ ഇരുവർക്കും എതിരായാണ് പ്രതികരിച്ചത്.

സംഭവം കൃഷി വകുപ്പ് മന്ത്രിക്ക് തന്നെ പരിഹരിക്കാനാവുന്ന ചെറിയ പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഉന്നത ഉദ്യോഗസ്ഥർക്കിടയിലുള്ള തർക്കം മാത്രമാണെന്നും വിവാദമാക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ