/indian-express-malayalam/media/media_files/uploads/2017/03/legislative-assembly.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുണ്ടായ 18 രാഷ്ട്രീയകൊലപാതങ്ങളില്‍ 17 എണ്ണത്തിലും ബിജെപിയും സിപിഎമ്മും ഉൾപ്പെട്ടിട്ടുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് മുരളീധരന്‍ എംഎൽഎ പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.മുരളീധരന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കി. രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ, അടിയന്തിര പ്രമേയത്തിനിടെ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്ക് ശ്രദ്ധ ക്ഷണിക്കലിന് അനുമതി നല്‍കിയതില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അടിയന്തിര പ്രമേയത്തിനിടെ രാജഗോപാലിന് സംസാരിക്കാനുള്ള അനുമതി സ്പീക്കര്‍ നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ രാജഗോപാലിന് സംസാരിക്കാൻ അനുമതി നൽകിയില്ല. ഇതില്‍ പ്രതിഷേധിച്ച് രാജഗോപാല്‍ എംഎല്‍എ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.