തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എം.എം.മണി രാജിവച്ച് പുറത്തുപോകൂ എന്ന മദ്രാവാക്യങ്ങൾ പ്രതിപക്ഷം ഉയർത്തി.

സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുളളതെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭ നിർത്തിവച്ച് മണിയുടെ വിവാദ പ്രസ്താവന ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഈ വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി. ഇതേത്തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ബഹളം നിർത്തി ചോദ്യോത്തരവേളയോട് സഹകരിച്ചു.

എം.എം.മണിയുടെ വിവാദ പ്രസ്താവനയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ