തിരുവനന്തപുരം: കൊച്ചിയിൽ മറൈൻ ഡ്രൈവിലുണ്ടായ സദാചാര ഗുണ്ടായിസത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ ഏറ്റുമുട്ടി. ഇരുപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതേത്തുടർന്ന് സഭ കുറച്ചുനേരത്തേക്ക് സ്പീക്കർ നിർത്തിവച്ചു. എന്നാൽ പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്കരിച്ച് പുറത്തേക്ക് പോയി.

ബുധനാഴ്ചയുണ്ടായ സദാചാരഗുണ്ടായിസത്തിൽ കോൺഗ്രസ് കൗൺസിലർമാർക്ക് പങ്കുണ്ടെന്ന കെ.വി.അബ്ദുൽഖാദർ എംഎൽഎയുടെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സഭയിൽ നടക്കുന്നത് നാടകമെന്നും ശിവസേനയ്ക്കാരെ പ്രതിപക്ഷം വാടകയ്ക്കെടടുത്തതെന്നുമുളള മുഖ്യമന്ത്രിയുടെ വാക്കുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനുപിന്നാലെ ഭരണ പക്ഷവും അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി. ഇരുപക്ഷവും തമ്മിൽ വാഗ്‌വാദവുമുണ്ടായി.

മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ സദാചാര പൊലീസ് ചമഞ്ഞ് അഴിഞ്ഞാടിയ സംഭവം സഭ തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷം ഉന്നയിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് സദാചാര ഗുണ്ടകൾ അഴിഞ്ഞാടിയത്. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാണ് ശിവസേന ഗുണ്ടായിസം നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു. ശിവസേനയ്ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത് വിനോദയാത്രയ്ക്കു പോകുംപോലെയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചതുകൊണ്ടു കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ മറൈൻ ഡ്രൈവിലേക്കു പ്രകടനവുമായെത്തിയ ശിവസേന പ്രവർത്തകർ ചൂരലിന് അടിച്ചും മോശം വാക്കുകൾ പ്രയോഗിച്ചും അവിടയുണ്ടായിരുന്ന യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. എസ്ഐ ഉൾപ്പെടെയുളള പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ