തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് നിയമസഭയുടെ അനുമതി. വി.ഡി. സതീശന്‍ എംഎല്‍എയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കുശേഷം ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.

നിയമസഭാ ചരിത്രത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണിത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്.

വി ഡി സതീശന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേല്‍ അഞ്ച് മണിക്കൂറാണ് ചര്‍ച്ച. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക.

അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്പീക്കർ മാറി നിൽക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സ്വർണക്കടത്ത് പ്രതിയുമായുള്ള സ്പീക്കറുടെ ബന്ധം സഭയുടെ അന്തസിന് നിരക്കാത്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമയം അനുവദിക്കണം എന്നും ഭരണഘടന അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ ആകു എന്ന് സ്പീക്കർ മറുപടി നൽകി.

എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാവും വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും മത്സരിക്കും. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് ജോസഫ് പക്ഷവും വിപ്പ് നൽകിയിട്ടുണ്ട്.

Read More: എംഎൽഎമാരുടെ റൂമിനു മുന്നിൽ വിപ്പ് പതിപ്പിച്ച് ജോസ് കെ.മാണി വിഭാഗം

വിപ്പിനെച്ചൊല്ലിയുളള കേരള കോൺഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങൾക്കും ഇന്ന് സഭാതലം വേദിയാകും. അവിശ്വാസ പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ട് നില്‍ക്കുന്നത് സര്‍ക്കാരിനെ സഹായിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന് എതിരായ അവിശ്വാസത്തില്‍ നിന്ന് ജോസ് വിഭാഗം വിട്ട് നില്‍ക്കരുതെന്ന് ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.