തിരുവനന്തപുരം: പതിമൂന്നാം നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി.അബ്ദുൾ റസാഖിനും എംപിയായിരുന്ന എം.ഐ.ഷാനവാസിനും ചരമോപചാരം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം, ജനതാദൾ എസിന്റെ നിയുക്ത മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനിൽ നടക്കും. ഗവർണർ പി.സദാശിവമാണ് മന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കും എന്ന് പ്രഖ്യാപിച്ചു.

വരും ദിവസങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ശബരിമല, പ്രളയ പുനർനിർമ്മാണം തുടങ്ങിയ വിഷയങ്ങളിലാവും പ്രതിപക്ഷത്തിന്റെ ആക്രമണം. അതേസമയം, കെ.എം.ഷാജിയെ അയോഗ്യനാക്കിയതടക്കം പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ ഭരണപക്ഷത്തിനും ആയുധങ്ങളുണ്ട്.

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് സഭ ചേരുന്നത്. എന്നാൽ ശബരിമലയിൽ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പൊലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. എന്നാൽ സന്നിധാനത്ത് ഇന്നലെയും ഇന്നുമായി തിരക്ക് തുടരുന്നത് സർക്കാരിന് കാര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ട്.

കെ.ടി.ജലീലിനെതിരായ ബന്ധു നിയമന വിവാദം, ജി.സുധാകരന്റെ സ്വജനപക്ഷപാതവും പ്രതിപക്ഷത്തിന്റെ മറ്റ് ആയുധങ്ങളാണ്.  രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക. ആദ്യത്തെ ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിർദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ