തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് പിൻവലിക്കുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് ശിവൻകുട്ടി അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽ 2 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.

ശിവൻകുട്ടിയുടെ അപേക്ഷ മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. കേസ് പിൻവലിക്കുന്ന കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. എന്നാൽ നിയമവകുപ്പിൽനിന്നും ലഭിക്കുന്ന മറുപടി കൂടി പരിഗണിച്ചശേഷമാകും മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ, കെ.അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികൾ. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 6 സിപിഎം എംഎൽഎമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടർന്ന് ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്തിരുന്നു.


(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

2015 മാർച്ച് 13ന് ബാർ കോഴ വിവാദത്തിൽ അകപ്പെട്ട കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചതാണ് നിയമസഭയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയത്. പ്രതിപക്ഷവും ഭരണപക്ഷവും സഭയ്ക്കുളളിൽവച്ച് ഏറ്റുമുട്ടി. ആ ദിവസം കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിനം കൂടിയായി മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ