തിരുവനന്തപുരം: നിയമസഭാ സമ്മേളനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ജൂലൈ 27-ന് തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമായതിനാൽ സമ്മേളനം ചേരേണ്ടതില്ലെന്നാണ് തീരുമാനം.
ധനബിൽ പാസാക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി നിയമസഭ ചേരാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. സമ്മേളനം മാറ്റിവച്ച സാഹചര്യത്തില്‍ ധനബില്ല് പാസാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ നീക്കം.
Read Also: Horoscope Today July 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
എന്നാൽ, നിയമസഭാ സമ്മേളനം ഒരു ദിവസത്തേക്ക് മാത്രം ചേരരുതെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. അവര്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു.
സ്വർണക്കടത്ത് കേസ് അടക്കം സർക്കാരിനെതിരെ ആയുധമാക്കി നിയമസഭയിലും ആഞ്ഞടിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരുന്നത്. നിയമസഭാ സമ്മേളനം കൂടുതൽ ദിവസം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്ന ഇപ്പോഴത്തെ നിലപാടിലേക്ക് നയിച്ചത്. ഇന്നലെ മാത്രം 151 പേർക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ രണ്ടായിരത്തിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.