കൊച്ചി: മന്ത്രിമാർ പ്രതികളായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിചാരണക്കോടതിയിൽ താൻ കക്ഷി ചേർന്നിരുന്നെന്നും തന്റെ ഭാഗം കേട്ടതിനു ശേഷമാണ് സർക്കാറിന്റെ ആവശ്യം തള്ളിയതെന്നും രമേശ് ചെന്നിത്തല ബോധിപ്പിച്ചു.

വസ്തുതകൾ വിലയിരുത്താതെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയ പ്രോസിക്യൂട്ടർ സർക്കാരിന്റെ ഏജൻറായി പ്രവർത്തിച്ചെന്നും പ്രോസിക്യൂട്ടറുടെ നടപടി നിയമവിരുദ്ധമാണന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിച്ചതു മൂലം നഷ്ടമുണ്ടായത് സർക്കാരിനാണന്ന വാദം ശരിയല്ലന്നും നികുതി നൽകുന്ന പൊതുജനങ്ങൾക്കാണ് നഷ്ടമുണ്ടായതെന്നും രമേശ് ചെന്നിത്തല കക്ഷി ചേരൽ ഹർജിയിൽ വ്യക്തമാക്കി.

Read More: ഒന്നാം പ്രതി മുഖ്യമന്ത്രി, ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രിമാർ അടക്കം ആറ് പേരാണ് പ്രതികൾ.

ഇതിൽ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവർ ജാമ്യമെടുത്തിരുന്നു. വി.ശിവൻകുട്ടി നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.