കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം
ഹൈക്കോടതിയും തള്ളി. ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Read More: വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കും, എൽഡിഎഫിന്റെ ലക്ഷ്യം മൂന്നക്കം: കോടിയേരി
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാനാണ് ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് പ്രതികൾ. വി.ശിവൻകുട്ടി നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയിൽ കക്ഷി ചേർന്നിരുന്നു.