തിരുവനന്തപുരം: സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭ ചൂടുപിടിക്കുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി. ആരോപണങ്ങളെ തള്ളി സർക്കാരും ധനമന്ത്രിയും തിരിച്ചടിച്ചു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് വി.ഡി.സതീശൻ എംഎൽഎ ആരോപിച്ചു. കിഫ്‌ബി സംബന്ധിച്ച ചർച്ചകളിൽ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളും ഉത്കണ്ഠകളുമാണ് സിഎജി റിപ്പോർട്ടിലുമുള്ളത്. ഇത് മനസിലാക്കിയതുകൊണ്ടാണ്, നിങ്ങൾ ആഗ്രഹിച്ചതുപോലെ സിഎജിയെക്കൊണ്ട് എഴുതിച്ചു എന്ന തരത്തിലുള്ള വ്യംഗ്യാർത്ഥത്തിൽ ധനമന്ത്രി പറഞ്ഞതെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച സതീശൻ ആരോപിച്ചു.
രാഷ്ട്രീയനിറം കലർത്തി സിഎജിയെ അപമാനിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. വിവാദം ആകുമെന്ന് മുൻകൂട്ടി കണ്ടാണ് ധനമന്ത്രി സിഎജി റിപ്പോർട്ട് ചോർത്തിയത്. സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനത്തെ മോശമാക്കി ചിത്രീകരിച്ച് തന്റെ കെടുകാര്യസ്ഥതയ്‌ക്ക് മറയിടാനാണ് മന്ത്രി ശ്രമിച്ചതെന്നും സതീശൻ ആരോപിച്ചു. ധനകാര്യമന്ത്രി തോമസ് ഐസക് രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
Read Also: മുല്ലപ്പള്ളിക്ക് ചെക്ക്; സുധാകരൻ കെപിസിസി അധ്യക്ഷനായേക്കും, ദേശീയ നേതാക്കളുമായി സംസാരിച്ചു
അതേസമയം, കിഫ്‌ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് തിരിച്ചടിച്ചു. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്നകാര്യം യുഡിഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല, അത് ബോഡി കോര്‍പറേറ്റാണെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് സഭയോടുള്ള അവഹേളനമാണെന്ന് തോമസ് ഐസക് ആവർത്തിച്ചു.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് ഭരണപക്ഷത്തുനിന്നുള്ള എംഎൽഎമാരായ ജെയിംസ് മാത്യുവും എം.സ്വരാജും രംഗത്തെത്തി. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനുനേരെയുള്ള വെല്ലുവിളിയെന്ന് ജെയിംസ് മാത്യു എംഎൽഎ പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്–ആര്‍എസ്എസ് ഗൂഢാലോചന നടന്നു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആർഎസ്എസ് അനുഭാവിയാണ്. സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോരെന്ന ഭരണപക്ഷനിലപാട് കോണ്‍ഗ്രസ് ശരിവച്ചു. ദിവസേന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ചെന്നിത്തലയെ മൂലയ്‌ക്കാക്കിയെന്നും ജെയിംസ് മാത്യു പരിഹസിച്ചു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാനാണ് സിഎജി ശ്രമിച്ചതെന്ന് എം.സ്വരാജ് പറഞ്ഞു. ഭരണഘടനാസാധുത പരിശോധിക്കാൻ സിഎജിക്ക് ആരാണ് അധികാരം നൽകിയതെന്നും സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കിൽ പഠിപ്പിക്കുമെന്നും സ്വരാജ് നിയമസഭയിൽ പറഞ്ഞു. കോൺഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതി ആണെന്നും സ്വരാജ് പരിഹസിച്ചു.