തിരുവനന്തപുരം: എ.എൻ.ഷംസീർ കേരള നിയമസഭയുടെ പുതിയ സ്പീക്കർ. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേർന്ന് സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.
എ.എൻ.ഷംസീർ രണ്ടാം തവണയാണ് നിയമസഭയിൽ എത്തുന്നത്. 2016ലാണ് ആദ്യമായി നിയമസഭാംഗമായത്. 2021ൽ തുടർച്ചയായി രണ്ടാം തവണയും തലശേരിയിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ അൻവർ സാദത്ത് മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. 2011ലാണ് ആദ്യം ജയിച്ചത്. പിന്നീട് തുടർച്ചയായ രണ്ട് തവണയും ആലുവ നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തി.
ആരോഗ്യ കാരണങ്ങളാൽ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെ തുടർന്ന് തദ്ദേശ, എക്സൈസ് മന്ത്രിയായിരുന്ന എം.വിഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു. ആ സ്ഥാനത്തേക്ക് സ്പീക്കറായിരുന്ന എം.ബി.രാജേഷിനെ നിയോഗിച്ചു. അങ്ങനെ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനായി എം.ബി.രാജേഷ് സ്പീക്കർ സ്ഥാനം ഒഴിഞ്ഞു. തുടർന്നാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റ എ.എൻ.ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. താരതമ്യേന ചെറിയ പ്രായത്തില്‍ സഭാദ്ധ്യക്ഷ സ്ഥാനത്തു വന്ന നിരവധിപേരുണ്ട്. ആ നിരയിലാണ് ഷംസീറിന്റെ സ്ഥാനം. ഇതിലും കുറഞ്ഞ പ്രായത്തില്‍ അധ്യക്ഷ സ്ഥാനത്തുവന്ന സി.എച്ച്.മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം ഞാന്‍ മറക്കുന്നില്ല. അത്രത്തോളം ഇളപ്പമില്ലെങ്കിലും പ്രായത്തെ കടന്നു നില്ക്കുന്ന പരിജ്ഞാനവും പക്വതയും ഷംസീറിനുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കറുടെ ഉത്തരവാദിത്വം ഗവണ്മെന്റ് ബിസിനസുകള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കലുമാണ്. രണ്ടും സമതുലിതമായ വിധത്തില്‍ പാലിച്ചുകൊണ്ട് സഭാ നടപടിക്രമങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പുതിയ സ്പീക്കര്‍ക്കും കഴിയും. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് ഉയരാന്‍ ഷംസീറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.