/indian-express-malayalam/media/media_files/uploads/2017/06/km-mani1.jpg)
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ആരംഭിച്ചു. ബജറ്റ് പാസാക്കുകയെന്നതാണ് മുഖ്യ അജണ്ടയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളാകും പ്രധാന ചര്‍ച്ച. കെ.മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം.ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എംഎല്‍എമാര്‍ നിയുക്ത എംപിമാരായാണ് സഭയിലെത്തുന്നതെന്ന അപൂര്‍വതയുമുണ്ട്. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നാലും പേരും സഭയിലെത്തും. ചട്ടപ്രകാരം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. കെ.എം.മാണിക്ക് നിയമസഭ ആദരമര്‍പ്പിച്ചു. മാണിയെ നേതാക്കള്‍ അനുസ്മരിച്ചു.
തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ ഊർജത്തിലായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിന്റെ ഭരണത്തിന് ഏറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സഭയില്‍ ചൂണ്ടിക്കാണിക്കാനാകും ഇവരുടെ നീക്കം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പ്രളയാനന്തര പുനര്‍നിര്‍മ്മാണം മുന്നോട്ട് പോകാത്തതായിരിക്കും പ്രതിപക്ഷത്തിന്റെ അടുത്ത ആയുധം. പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാല ബോണ്ട്, പെരിയ കൊലപാതകം തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ ഏറെയുണ്ട്.
ഭരണകക്ഷിയായ ഇടതുപക്ഷത്തെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടാറും മുമ്പേയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥനാ ചര്‍ച്ചകളേക്കാള്‍ രാഷ്ട്രീയം തന്നെയാവും സഭാ ചര്‍ച്ചകളെ കൊഴുപ്പിക്കുക. ആദ്യദിനത്തില്‍ അന്തരിച്ച മുന്‍ മന്ത്രിമാരായ കെ.എം.മാണിക്കും കടവൂര്‍ ശിവദാസനും ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ജൂലൈ അഞ്ചു വരെയാണ് സഭ സമ്മേളിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.