കൊച്ചി: സംസ്ഥാനത്തെ ക്യാമ്പ് ഫോളോവർമാരുടെ നിയമനവും പിഎസ്‌സിക്ക് വിടാനൊരുങ്ങി ഇടതുസർക്കാർ. ലാസ്റ്റ് ഗ്രേഡ് സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി ഇതിൽ ക്യാമ്പ് ഫോളോവർമാരെ കൂടി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം.

ഒരു മാസത്തിനകം ഭേദഗതി കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഇപ്പോഴുയർന്ന വിവാദങ്ങൾക്ക് ഫലപ്രദമായ രീതിയിൽ തടയിടാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ വിഎസ് സർക്കാരിന്റെ കാലത്ത് തന്നെ ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്‌സിക്ക് വിടാൻ സർക്കാർ തത്വത്തിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ ഇതിനാവശ്യമായ ഭേദഗതി കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.

പിണറായി വിജയൻ സർക്കാരിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച പൊലീസിലെ ഏറ്റവും ഒടുവിലത്തെ വിവാദമായിരുന്നു ദാസ്യപ്പണി. ഉന്നത പൊലീസ് മേധാവികളുടെ വീടുകളിൽ ദാസ്യപ്പണിക്ക് സർക്കാർ വേതനം പറ്റുന്ന ദിവസവേതന തൊഴിലാളികളെ നിയമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ