scorecardresearch
Latest News

കോവിഡ് രോഗ നിര്‍ണയത്തിന് എറണാകുളം ജില്ലയ്ക്ക് കൂട്ടായി വിസ്‌കും

ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാംപിളുകൾ ശേഖരിക്കാൻ സാധിക്കും. സാംപിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ സുരക്ഷ കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം

കോവിഡ് രോഗ നിര്‍ണയത്തിന് എറണാകുളം ജില്ലയ്ക്ക് കൂട്ടായി വിസ്‌കും

കൊച്ചി: കാക്കനാട് പേഴ്സണല്‍ പ്രോട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കും വിസ്കിലൂടെ പരിഹാരം കണ്ട് എറണാകുളം ജില്ലാ ഭരണകൂടം. വാക്ക് ഇന്‍ സാപിള്‍ കിയോസ്ക് അഥവാ വിസ്ക് എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിള്‍ ശേഖരണമെന്നതാവും ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ വിസ്കുകള്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷയ്ക്കായി മാഗ്നെറ്റിക്ക്‌ വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിള്‍ ശേഖരിച്ച ശേഷവും കിയോസ്കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എആർഎംഒ ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു. ദക്ഷിണ കൊറിയയിൽ സാംപിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്.

നാല്‍പതിനായിരം രൂപയാണ് കിയോസ്കിന്‍റെ നിര്‍മാണചുമതല. പിപിഇ കിറ്റുകള്‍ കൂടുതല്‍ സമയമണിഞ്ഞു നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനും സാധിക്കൂ. കോവിഡ്-19 കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യ സാധ്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. ഈ അവസരങ്ങളില്‍ വിസ്ക് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: കോവിഡ്-19 പ്രതിരോധം; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അമിത ജോലി ഭാരം, കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം: കെജിഎംഒഎ

നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി മെഡിക്കൽ കോളേജ്, മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും സാംപിൾ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും, സാംപിൾ ശേഖരണത്തിന് അനുവാദമുള്ള ഏതാനും സ്വകാര്യ ആശുപത്രികളിലുമാണ് സാംപിൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി നിര്‍മിച്ച ആദ്യ കിയോസ്കുകള്‍ എറണാകുളം ജില്ലാ കലക്ടകര്‍ എസ്. സുഹാസിന് കിയോസ്കിന്റെ നിര്‍മാതാക്കള്‍ക്ക് കൈമാറി. കിയോസ്കിന്‍റെ പ്രവര്‍ത്തനവും നിര്‍മാതാക്കള്‍ വിവരിച്ചു നല്‍കി.

wisk, ie malayalam

നിലവില്‍ സാംപിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് ശേഖരിക്കുന്നത്. സാംപിൾ ശേഖരിക്കുന്ന ട്രിയാഷിൽ ആശുപത്രി ജീവനക്കാർ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ധരിച്ചാണ് സാംപിൾ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കൂടിയാണ് ജില്ല വാക്ക് ഇൻ കോവിഡ് കിയോസ്ക്കിന് രൂപം നൽകിയത്. ഇത് ഉപയോഗിച്ച് സാംപിൾ ശേഖരിക്കുവാൻ രോഗി / രോഗബാധ സംശയിക്കപ്പെടുന്ന ആളുകൾ ആശുപത്രിയിൽ വരേണ്ടി വരികയില്ല. ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാംപിളുകൾ ശേഖരിക്കാൻ സാധിക്കും. സാംപിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ സുരക്ഷ കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം.

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാംപിൾ ശേഖരണം സാധ്യമാക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്ക് സഹാകമാവും. കൊറോണ പ്രതിരോധപ്രവത്തനങ്ങൾക്ക് ഇനിയും തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മുൻപന്തിയിലുണ്ടാകുമെന്ന് ഡോ. ഗണേഷ് മോഹൻ വ്യക്തമാക്കി. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ വിസ്ക് സ്ഥാപിക്കുവാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ.കുട്ടപ്പൻ അറിയിച്ചു.

Read in English: Inspired by South Korea, Kerala launches walk-in Covid-19 sample collection kiosk

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala launches walk in covid 19 sample collection kiosk