വൈക്കത്തു നിന്നും കൊച്ചിയിലേക്ക് അതിവേഗം എത്താം; ‘വേഗ 120’ സര്‍വ്വീസ് തുടങ്ങി

വേഗ സര്‍വ്വീസ് ആരംഭിച്ചതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും

കൊച്ചി: കേരളത്തില ആദ്യത്തെ അതിവേഗ എസി ബോട്ട് ‘വേഗ 120’ സര്‍വ്വീസ് തുടങ്ങി. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വ്വീസ്. വേഗ സര്‍വ്വീസ് ആരംഭിച്ചതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ വേഗ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.

ആദ്യദിനങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാവുക. വൈക്കത്തുനിന്നും രാവിലെ 7.30 ന് പുറപ്പെടുന്ന ബോട്ട് 9 മണിക്ക് കൊച്ചിയിലെത്തു. വൈകിട്ട് 5.30 ന് കൊച്ചിയിൽനിന്നും പുറപ്പെടുന്ന വേഗ 120 രാത്രി 7 മണിക്ക് വൈക്കത്ത് എത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓഫീസിലെത്തുന്നതിനും തിരിച്ചു പോകുന്നതിനും സൗകര്യം കണക്കിലെടുത്താണ് സമയം നിശ്ചയിച്ചിട്ടുളളത്. സര്‍വ്വീസ് ആരംഭിക്കുന്ന വൈക്കത്തും അവസാനിക്കുന്ന എറണാകുളം സുഭാഷ് പാര്‍ക്കിനു സമീപമുള്ള ബോട്ട് ജെട്ടിയ്ക്കും ഇടയില്‍ മൂന്ന് സ്‌റ്റോപ്പുകളാണുള്ളത്.

ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ജലഗതാഗതത്തെ ഒട്ടേറെപ്പേര്‍ ആശ്രയിക്കുന്ന തവണക്കടവില്‍ നിന്നും വൈക്കം ജെട്ടിയിലേക്കും പെരുമ്പളം മാര്‍ക്കറ്റില്‍ നിന്നു പാണാവള്ളിയിലേക്കും വൈറ്റില, കാക്കനാട് എന്നിവിടങ്ങളില്‍ നിന്ന് തേവര ഫെറിയിലേക്കും കണക്ഷന്‍ ബോട്ടുകള്‍ ആരംഭിക്കും.

ഒരു സമയത്ത് 120 പേർക്കാണ് യാത്ര ചെയ്യാനാവുക. 40 എസി സീറ്റുകളും 80 നോണ്‍ എസി സീറ്റുകളുമാണുള്ളത്. നോൺ എസിയിൽ 40 രൂപയും എസിയിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

”100 ലധികം യാത്രക്കാരുമായി മണിക്കൂറിൽ 25 കിലോമീറ്റർ സഞ്ചരിക്കാവുന്ന ബോട്ട് സർവ്വീസ് നിലവിൽ ഇല്ല. അതിനാൽതന്നെ വേഗ സർവ്വീസിനെ മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ബോട്ട് സർവ്വീസുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം ഇന്ധന ലാഭമാണ് വേഗ 120 സർവ്വീസ് നൽകുന്നത്. വേഗ 120 യുടെ വേഗത കിട്ടാൻ മറ്റുളളവർ 500 എച്ച്പി എൻജിനാണ് ഉപയോഗിക്കുന്നത്. പക്ഷേ വേഗ 120 യിൽ 340 എച്ച്പി എൻജിനാണുളളത്. ഇതിലൂടെ പ്രതിദിനം 200 ലിറ്റർ ഡീസലാണ് ലാഭിക്കുന്നത്”, വേഗ 120 നിർമ്മിച്ച നവ്ഗതി കമ്പനി സിഇഒ സന്ധിത് തണ്ടശ്ശേരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കേരളത്തിലെ ജലപാതകള്‍ ജനോപകാരപ്രദമായി വിനിയോഗിക്കുകയും ജലഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ ബോട്ട് സര്‍വ്വീസ്. സൂപ്പർ ഫാസ‌്റ്റ‌് ബോട്ടുകളുടെ അടുത്തഘട്ട സർവീസ‌് ഡിസംബറിൽ ആരംഭിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala launches its fastest part ac inland ferry on ernakulam vaikkom route

Next Story
സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express