കൊച്ചി: റഷ്യന്‍ വിപ്ലവത്തിന്റെ നൂറ്‌ വര്‍ഷങ്ങള്‍ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.  ജനുവരി 4 മുതല്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന പരിപാടിക്ക് ‘റെഡ് ഒക്ടോബര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

പരിപാടിയില്‍ സെര്‍ജി ഐസന്‍സ്റ്റെയ്‌ന്‍ ചിത്രങ്ങളുടെയും റഷ്യന്‍ വിപ്ലവത്തെ അടയാളപ്പെടുത്തുന്ന പോസ്‌റ്ററുകളുടെയും പ്രദര്‍ശനവും വിപ്ലവത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടാകും. പ്രമുഖ കലാനിരൂപകന്‍ സുനീത്‌ ചോപ്ര പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്‌പരാജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും.

ജനുവരി 30 വരെ തിങ്കളാഴ്‌ചയൊഴികെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട്‌ 7 വരെയായിരിക്കും പ്രദര്‍ശനം. സെര്‍ജി ഐസന്‍സ്റ്റെയ്‌ന്‍ സംവിധാനം ചെയ്‌ത പ്രശസ്‌ത ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച്‌ നടക്കും. എല്ലാ ദിവസവും വൈകീട്ട്‌ 3-നായിരിക്കും ചലച്ചിത്ര പ്രദര്‍ശനം. ബാട്ടില്‍ഷിപ്പ്‌ പൊട്ടെംകിന്‍, ഇവാന്‍ ദി ടെറിബ്‌ള്‍, അലക്‌സാണ്ടര്‍ നേവ്‌സ്‌കി, ക്യു വിവാ മെക്‌സിക്കോ, ടെന്‍ ഡെയ്‌സ്‌ ദാറ്റ്‌ ഷുക്ക്‌ ദ വേള്‍ഡ്‌ തുടങ്ങിയ ചലച്ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുക. സീഗള്‍ ആര്‍ട്ട്‌ ഫൗണ്ടേഷനുമായി ചേര്‍ന്നാണ്‌ ലളിതകലാ അക്കാദമി പരിപാടി സംഘടിപ്പിക്കുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ