കോഴിക്കോട്: കാപ്പാട് ബീച്ച് അടക്കം രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിക്കും. യുഎൻഇപി, യുഎൻഡബ്ല്യുടിഒ, എഫ്ഇഇ, ഐയുസിഎൻ അംഗങ്ങൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര ജൂറിയാണ് ബ്ലൂഫ്ലാഗ് അംഗീകാരം നൽകിയത്.
കോഴിക്കോട് ജില്ലയിലെ കാപ്പാടിന് പുറമെ കർണാടകയിലെ ഉടുപ്പി ജില്ലയിലുള്ള പദുബിദ്രി ഉത്തര കന്നഡ ജില്ലയിലുള്ള കസാർകോഡ് ബീച്ചുകൾക്കും രുഷികോണ്ട (ആന്ധ്രാപ്രദേശ്), ശിവരാജ്പൂർ (ഗുജറാത്ത്), ഗോഗ്‌ല (ഡിയു), സുവർണ്ണ (ഒഡീഷ), രാധനഗർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ) എന്നീ ബീച്ചുകൾക്കും ബ്ലൂഫ്ലാഗ് അംഗീകാരം ലഭിച്ചു.
കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഈ അംഗീകാരം ലഭിച്ച കാര്യം അറിയിച്ചത്, “ഒരൊറ്റ ശ്രമത്തിൽ എട്ട് ബീച്ചുകൾക്ക് ഒരുമിച്ച് ബ്ലൂഫ്ലാഗ് ഇതുവരെ ലഭിച്ചിട്ടില്ലെന്നതിനാൽ ഇത് ശ്രദ്ധേയമായ നേട്ടമാണ്… ഇത് ഇന്ത്യയുടെ സംരക്ഷണത്തിനും സുസ്ഥിര വികസന ശ്രമങ്ങൾക്കും ഉള്ള ആഗോള തലത്തിലുള്ള ഒരു അംഗീകാരമാണ്, ” മന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും; ബീച്ചുകൾ അടുത്ത മാസം ഒന്ന് മുതൽ
തീരപ്രദേശങ്ങളിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ മികച്ച നടപടികൾ സ്വീകരിച്ചതിന് ജൂറി ഇന്ത്യക്ക് ‘മൂന്നാം സമ്മാനം’ നൽകി.
കഴിഞ്ഞ വർഷം ജൂലൈയിൽ ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷനായി കാപ്പാട് അടക്കം 12 ബീച്ചുകളുടെ ചുരുക്കപ്പട്ടിക കേന്ദ്രസർക്കാർ തയ്യാറാക്കിയിരുന്നു. ഇതിനുമുമ്പ്, രാജ്യത്തെ ഒരു ബീച്ചിനും ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നില്ല.
കോഴിക്കോട് നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് സ്ഥിതിചെയ്യുന്ന കപ്പാട് ബീച്ച് സംസ്ഥാനത്തെ വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ചെറിയ പാറക്കെട്ടുകൾ അടങ്ങിയ ഭൂപ്രകൃതിയാണ് കാപ്പാട് ബിച്ചിന്.
സർട്ടിഫിക്കേഷന് യോഗ്യത നേടുന്നതിനായി പ്രത്യേക സൗകര്യങ്ങൾ ബീച്ചുകളിലെ കോസ്റ്റൽ റെഗുലേഷൻ സോണുകളിൽ (സിആർഇസഡ്) അനുവദിക്കാമെന്ന് പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കുടിവെള്ള കിയോസ്കുകൾ, ഡ്രസ്സിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സോളാർ, മുളകൊണ്ടുള്ള ബെഞ്ചുകൾ, വാച്ച് ടവറുകൾ, ബീച്ച് ഇൻഫർമേഷൻ ഹോർഡിംഗുകൾ എന്നിവ ഈ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.
തീരദേശ നിർമാണ അനുമതിക്ക് അനുസൃതമായി, മുളകൊണ്ടുള്ള ടോയ്‌ലറ്റുകൾ, വാച്ച് ടവർ, കല്ലുകൊണ്ട് നിർമ്മിച്ച നടപ്പാതകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം കാപ്പാട് ആരംഭിച്ചിരുന്നു. ബീച്ചിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
Read More: Kerala’s Kappad beach among 8 beaches in India to get coveted ‘Blue Flag’ certification