കണ്ണൂർ: കാസർകോട് മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റിലായി. കാസർകോട് സ്വദേശികളും ബിജെപിയുടെ പ്രാദേശിക പ്രവർത്തകരുമായ അജേഷ്, അഖിൽ, നിധിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവർ ഇതുവരെ ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തവരാണെന്നാണ് വിവരം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുൽ ഇസ്‍ലാം മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. റിയാസ് കിടന്ന മുറിയുടെ സമീപത്തെ മുറിയിൽ പള്ളി ഖത്തീബ് അബ്ദുൽ അസീസ് മുസ്‌ല്യാർ താമസിച്ചിരുന്നു. രാത്രിയിൽ റിയാസ് കിടന്ന മുറിക്കു നേരെ കല്ലേറുണ്ടായി. ഇതേത്തുടർന്ന് ബഹളം കേട്ട മുസ്‌ല്യാർ വന്നു നോക്കിയപ്പോഴാണ് റിയാസിനെ വെട്ടേറ്റു കിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് റിയാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുളള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൊലയ്ക്കു പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ