കൊച്ചി: വടയമ്പാടി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഘപരിവാറിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് എറണാകുളം ജില്ലാ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരെ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന പോലിസ് നടപടി ഞെട്ടിപ്പിക്കുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് പൊലീസ് സംഘം ചെയ്തത്.
സംഭവ സ്ഥലത്തെ സംഘര്‍ഷം ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞത് സ്വതന്ത മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള അവകാശത്തെ വെല്ലുവിളിക്കലാണ്. ആസൂത്രിതമായി മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച അക്രമി സംഘത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറാകണം. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെടണം. അക്രമി സംഘത്തെ നിയന്ത്രിക്കാതെ കാഴ്ചക്കാരായി നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ ശക്തമായ പ്രക്ഷോഭവുമായി യൂണിയന് മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതന് പി ബാലനും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.