തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുമ്പോൾ ഒറ്റക്കെട്ടായി കേരളവും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് സംയുക്ത സത്യാഗ്രഹം ആരംഭിച്ചു. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹം. മുഖ്യമന്ത്രി സത്യാഗ്രഹമിരിക്കുന്ന സാഹചര്യത്തില്‍ രക്തസാക്ഷി മണ്ഡപത്തിനുചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കി.

Read More: ഉറങ്ങാതെ കേരളവും; സംസ്ഥാനത്തുടനീളം വിദ്യാർഥി യുവജന പ്രക്ഷോഭം

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍ഡിഎഫ്., യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലേക്ക് തിരിച്ചുവിടാൻ നീക്കം നടക്കുന്നുവെന്നും ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന ഒരു നിയമത്തേയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook