തിരുവനന്തപുരം: സംസ്ഥാന ഐടി നയത്തിന്റെ കരടു രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അവതരിപ്പിച്ചു. നയരേഖയ്ക്കൊപ്പം ഓരോ മേഖലയിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളുടെ രേഖകളും അവതരിപ്പിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവവിഭവശേഷി വർധിപ്പിക്കല്‍, ഡിജിറ്റല്‍ സംഭരണനയം, ഉത്തരവാദിത്വപൂര്‍ണമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും എന്നിവയുമായി ബന്ധപ്പെട്ടവയാണ് എട്ട് ഉപനയങ്ങള്‍.

ഈ രേഖ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ഈ മേഖലയിലെ വിദഗ്‌ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാം. അങ്ങനെ ലഭിക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളില്‍ സ്വീകാര്യമാവുന്നവ കൂടി അന്തിമനയത്തില്‍ ഉള്‍പ്പെടുത്തും. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം.

ഐടി മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ കൊണ്ടുവരാനും സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെ യുവസംരംഭകരെ സൃഷ്ടിക്കാനും അതിനെ ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ടുകൊണ്ട് പോകാനുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് പുതിയ നയം.

ഉല്പാദന മേഖലയില്‍ ഐടി സന്നിവേശിപ്പിക്കുമ്പോള്‍ കാര്യക്ഷമത ഉയരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് കഴിയുന്നു. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ടാക്കിയെടുക്കാനാവുന്നു. സോഫ്റ്റ്‌വെയര്‍ ഉല്പാദനം, ഹാർഡ്‌വെയറുകളുടെ നിര്‍മ്മാണം എന്നിവ ഇവിടെ സാധ്യമാണ്. അതിലൂടെ നവകേരള സൃഷ്ടിക്ക് ഉതകുന്ന അടിത്തറ സൃഷ്ടിക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ