തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിക്കില്ല. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപിച്ച് നടത്തുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗത മന്ത്രി എക ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബസുകളില്‍ പരിശോധന തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചതോടെയാണ് സമരവുമായി മുന്നോട്ട് പോവാന്‍ ബസ് ഉടമകള്‍ തീരുമാനിച്ചത്.

എന്നാല്‍ എന്ത് വിലകൊടുത്തും സമരത്തെ നേരിടാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. 49 ബാംഗ്ലൂര്‍ സര്‍വീസുകള്‍ ഇതിനോടകം ബുക്കിങ് ആരംഭിച്ചു. എട്ട് അധിക സര്‍വീസുകള്‍ കൂടി നടത്തും. സൂപ്പര്‍ ഡീലക്സ്, എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക.

Read More: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ പേരില്‍ പരിശോധന നടത്തുന്നതും വന്‍തുക പിഴയായി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം കര്‍ണാടക,ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു. സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വാദം ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ തള്ളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.