കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അസെൻഡ് 2020’ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: Chhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: ‘ചാപ്പാക്ക്’ റിവ്യൂ

സംസ്ഥാനം കൂടുതൽ സ്ത്രീ സൗഹൃദമാകുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കും. സ്ത്രീകൾക്ക് വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

കേരളം കൈവരിച്ച നേട്ടങ്ങൾ നിക്ഷേപക വർധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരികയാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും. തിരുവനന്തപുരം – കാസർഗോഡ് സെമി ഹൈ സ്‌പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Read Also: നോർക്ക റൂട്സ് മുഖേന ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും ഒമാനിൽ അവസരം

വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്‌സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. വൈദ്യുതി കണക്ഷൻ അപ്ഗ്രേഡ് ചെയ്യുമ്പോൾ കെട്ടിവയ്‌ക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫിൽ നിന്ന് കുറവ് ചെയ്ത് നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി അഞ്ച് വർഷത്തേക്ക് സബ്‌സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിങ്ങിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ-പ്ലാറ്റ്‌ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാണ് ഇപോൾ നടന്നു വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംരംഭം തുടങ്ങാൻ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസൻസ് സംവിധാനം നിലവിലുണ്ട്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിക്ഷേപകരെ ആകർഷിക്കാനായി നിരവധി ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ പങ്കെടുത്ത നിക്ഷേപകർ മുന്നോട്ടുവെച്ച ആശങ്കകളും പരാതികളും പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളർച്ചയിലൂടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കിൻഫ്രയെക്കറിക്കുള്ള കോഫീ ടേബിൾ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവി പിള്ള, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തുടങ്ങിയവർ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.