തൊടുപുഴ: ഓഗസ്റ്റ് 6 ന് രാത്രിയായിരുന്നു പെട്ടിമുടിയിലെ ഉരുൾപൊട്ടൽ. ആ ദിവസത്തിന്റെ  നടുക്കത്തിലും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവരുടെ ജീവൻ നഷ്ടപ്പെട്ട വേദനയിലുമാണ് പെട്ടിമുടിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ.

അന്ന് അത്തരമൊരു അപകടം നടക്കുമെന്ന് തീരേ കരുതിയിരുന്നില്ലെന്ന് പ്രദേശവാസിയായ കാർത്തിക് ഓർത്തെടുത്തു. കനത്ത മഴയും കാറ്റുമുണ്ടായിരുന്നെങ്കിലും ഉരുൾപൊട്ടലിന്റെ സാധ്യതയെക്കുറിച്ച് ആശങ്കാകുലനായിരുന്നില്ലെന്ന് 32 കാരനായ കാർത്തിക്ക് പറഞ്ഞു. മറിച്ച്, പ്രദേശത്ത് കണ്ണിയാർ നദിയുടെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചായിരുന്നു താൻ ആദ്യം അസ്വസ്ഥനായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ മൺസൂൺ സമയത്ത്, നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നിരവധി പെട്ടിമുടി നിവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നു.

കാർത്തിക്

“അന്ന് രാത്രി 11 മണിയോടെ ഞാൻ അമ്മാവനുമായി പുഴയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം പോയതിന് ശേഷം, ഞാൻ അടുക്കളയുടെ അടുത്തേക്ക് പോയി, വെള്ളം ഉയരുന്നുണ്ടോ എന്ന് അറിയാൻ ഒരു ടോർച്ച് അടിച്ചു നോക്കി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലായിരുന്നു. പെട്ടെന്ന്, ഈ വലിയ ശബ്ദം ഞാൻ കേട്ടു, ഒരു വിമാനം തകർന്നതുപോലെ,” കാർത്തിക് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞങ്ങൾ നോക്കിയപ്പോൾ, നാല് ലയങ്ങളും തകർന്നതായി ഞങ്ങൾ കണ്ടു. ഞങ്ങളുടെ അടുത്തുള്ള ഒരു മുറിയിൽ നിന്ന് ഒരു പെൺകുട്ടിയെയും അമ്മയെയും ഞാൻ രക്ഷപ്പെടുത്തി. എനിക്ക് മറ്റാരെയും സഹായിക്കാനായില്ല കാരണം അത്രക്കും അപകടകരമായിരുന്നു,” കാർത്തിക്ക് ഓർത്തെടുക്കുന്നു.

നിരവധി പേരുടെ പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിനെ അതിജീവിച്ചവരിൽ ഒരാളാണ് ഇരവികുളം ദേശീയ ഉദ്യാനത്തിൽ ജീപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന കാർത്തിക്. ഇതുവരെ 56 പേരുടെ ഭൗതിക ശരീരാവശിഷ്ടങ്ങളിൽ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്

Read More: മണ്ണിനടിയില്‍ നിന്നും കൂട്ടുകാരിയെ കണ്ടെത്തി കുവി, പിന്നെ കൂട്ടുകാരിയ്ക്ക് കൂട്ടായി അവിടെ തന്നെ കിടന്നു

കാർത്തിക്കും മാതാവും സഹോദരിയും അപകടത്തെ അതീജിവീച്ചെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളായ 40 ഓളം പേരുടെ ജീവൻ നഷ്ടപ്പെട്ടു. കാർത്തിക്കിന്റെ പിതാവിന്റെ സഹോദരൻമാരായ ഗണേശൻ, മയിൽസ്വാമി, ആനന്ദ ശിവ എന്നിവരും ഇവരുടെ ഭാര്യമാരും മക്കളും മറ്റ് കുടുംബാംഗങ്ങളും അപകടത്തിൽ മരിച്ചു. കാർത്തിക്കിന്റെ പിതാവിന്റെ നാലാമത്തെ സഹോദരന്റെ മകനും അപകടത്തിൽ മരണപ്പെട്ടു. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ.

“ആലോചിച്ച് നോക്കൂ, അവർ ഇവിടെ താമസിച്ചിരുന്നില്ല. എന്നാൽ ആ രാത്രിയിൽ, അവർ ഒരു കുട്ടിയുടെ ജന്മദിനത്തിനായി ഇവിടെ വന്ന് മരണപ്പെടുകയായിരുന്നു,” അദ്ദേഹം പറഞ്ഞു,

“എന്റെ കുടുംബത്തിലെ മൂന്ന് തലമുറകൾ വിധിയുടെ ഒരു ആഘാതത്താൽ തുടച്ചുമാറ്റപ്പെട്ടു. ഈ സ്ഥലം ഇപ്പോൾ ഒരു ശ്മശാനം പോലെയാണ്. ഞങ്ങൾക്ക് ഇനി ഇവിടെ താമസിക്കാൻ താൽപ്പര്യമില്ല,” കാർത്തിക്ക് പറഞ്ഞു.

Read More: പുഴയിൽ നിന്നു രണ്ട് വയസുകാരിയുടെ മൃതദേഹം; പെട്ടിമുടിയിൽ മരണസംഖ്യ 56

“അവരെല്ലാം നദിയിലാണ്. അവരെ തിരയുന്നതിൽ അർത്ഥമില്ല. എനിക്ക് എന്റെ വീടും കുടുംബവും ഉപജീവന മാർഗ്ഗവും നഷ്ടപ്പെട്ടു. ”

“എന്റെ വീട്. ഒരു ജീപ്പ്, ഒരു ഓട്ടോ, മോട്ടോർ സൈക്കിൾ എല്ലാം ഉണ്ടായിരുന്നു, ഒന്നും ഒരിടത്തും കാണാനില്ല,” തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടം ചൂണ്ടിക്കാട്ടി കാർത്തിക് പറഞ്ഞു.

സെൽവകുമാർ

തങ്ങളുടെ ഗ്രാമം സുരക്ഷിതമാണെന്നായിരുന്നു തങ്ങൾ എല്ലായ്പ്പോഴും കരുതിയിരുന്നതെന്ന് പെട്ടിമുടിയിൽ ജനിച്ച് വളർന്ന റിട്ടയേർഡ് ഫോറസ്റ്റ് ഡ്രൈവർ മുക്കയ്യ പറഞ്ഞു. ” 2018 ലെ വലിയ പ്രളയസമയത്ത് പോലും ഞങ്ങൾക്ക് കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ ഇത് ഞങ്ങളെ ഞെട്ടിച്ചു. ഇപ്പോൾ ഇത് സുരക്ഷിതമാണോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, ” അദ്ദേഹം പറഞ്ഞു.

അതേസമയം ഈ ഭൂമിയിൽനിന്ന് എങ്ങോട്ടും പോവാൻ കഴിയില്ലെന്ന് പ്രകൃതി ദുരന്തത്തിൽ തന്റെ സുഹൃത്തുക്കളെ നഷ്ടപ്പെട്ട സെൽവകുമാർ പറഞ്ഞു. “ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്ത് നിന്ന് കുടിയേറിയ എന്റെ പൂർവ്വികരാണ് ഈ ഭൂമി രൂപപ്പെടുത്തിയത്. അവർ ഇവിടെ തേയില നട്ടുപിടിപ്പിച്ചു, ഈ പ്രദേശം ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന തരത്തിലാക്കിമാറ്റാൻ അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടു. അതിനാൽ ഞാനും മക്കളും ഇപ്പോഴും ഇവിടെ ഉണ്ടാകും. ഞങ്ങൾക്ക് എവിടെയും പോകാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

Read Full Story in IE: Survivors of Kerala landslide: ‘This place is a graveyard now, we cannot live here’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.