തിരുവനന്തപുരം: അഗസ്‌ത്യാർകൂടത്തിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യ യാത്ര ആരംഭിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷമുള്ള ആദ്യ യാത്രയാണിത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്‌ടറായ ധന്യ സനലാണ് അഗസ്‌ത്യാർകൂടത്തിലേക്കുള്ള ട്രെക്കിങ് സംഘത്തിലെ ഏക വനിതാഗം. ഇതോടെ അഗസ്‌ത്യാർകൂടത്തിൽ പ്രവേശിക്കുന്ന ആദ്യ വനിതയായി ധന്യ സനൽ.

നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപം 1,868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യ മലയിൽ എത്തണമെങ്കിൽ 22 കിലോമീറ്ററോളം ട്രെക്കിങ് നടത്തണം. ബോണക്കാടിലെ ബേസ് ക്യാമ്പിൽ നിന്ന് ആരംഭിച്ച യാത്ര ചൊവാഴ്ചയോടെയേ ലക്ഷ്യ സ്ഥാനത്ത് എത്തുകയുള്ളൂ. കാടിനെയും കാടിന്റെ അനുഭവങ്ങളെയും അടുത്തറിയുകയാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് ധന്യ സനൽ പിടിഐയോട് പറഞ്ഞു.

തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ വൈ.എം.ഷാജി കുമാർ പറഞ്ഞത് രാവിലെ 9.15ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തെന്നാണ്. കൂടാതെ യാത്രാ സംഘത്തെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ അനുഗമിക്കുന്നുണ്ട്. വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രെക്കിങ്ങിൽ 100 പേരടങ്ങുന്ന സംഘത്തെയാണ് ഒരു ദിവസം അഗസ്‌ത്യമലയിലേക്ക് കടത്തിവിടുന്നത്. 47 ദിവസം നീണ്ടു നിൽക്കുന്ന ട്രെക്കിങ്ങിന് 4,700 പേരാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ 100 പേർ വനിതകളാണ്.

മലപ്പുറം മഞ്ചേരി സ്വദേശിയും നഴ്‌സിങ് ബിരുദധാരിയുമായ ധന്യ സനൽ 2012ലാണ് ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി തുടങ്ങിയത്. ജനുവരി ആറിനാണ് ധന്യ അഗസ്‌ത്യാർകൂടം ട്രെക്കിങ്ങിന് പേര് രജിസ്റ്റർ ചെയ്യുന്നത്.

ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി വന്ന സാഹചര്യത്തിലാണ് അഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീകളുടെ പ്രവേശനം സാധ്യമായത്. എന്നാൽ ഇതിനെതിരെ കാണി വിഭാഗക്കാർ പ്രതിഷേധം ഉയർത്തിയിരുന്നു. തിങ്കളാഴ്ച ബോണക്കാടിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 200ഓളം കാണി വിഭാഗക്കാർ ധന്യാ സനൽ അടങ്ങുന്ന സംഘത്തിന്റെ മലകയറ്റത്തെ എതിർത്ത് പ്രതിഷേധം നടത്തിയിരുന്നു. സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് പ്രാർത്ഥന നടത്തുകയാണ് ചെയ്‌തത്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഗസ്ത്യാർകൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റിന്റെ പ്രസിഡന്റ് മോഹനൻ തൃവേണി പറഞ്ഞു.

“ഞങ്ങൾ അഗസ്ത്യമുനിയെ ആരാധിക്കുന്നവരാണ്, അഗസ്ത്യമുനി ഈ മലനിരയിൽ ജീവിക്കുന്നുണ്ട്. ശബരിമല അയ്യപ്പനെ പോലെ അഗസ്ത്യമുനിയും നിത്യ ബ്രഹ്മചാരിയാണ്. അതിനാലാണ് സ്ത്രീകളെ മല കയറാൻ അനുവദിക്കാത്തത്. ഇത് ലംഘിക്കുന്ന സ്ത്രീക്ക് അനർത്ഥം സംഭവിക്കുമെന്നുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്,” മോഹനൻ പറഞ്ഞു.

അഗസ്ത്യാർകൂടത്തിൽ ട്രെക്കിങ് നടത്തുന്നവർക്ക് വേണ്ട സൗകര്യങ്ങളെല്ലാം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. കായിക ക്ഷമതയുള്ളവർ മാത്രം ഈ സാഹസിക യാത്രക്ക് ഒരുങ്ങുന്നതാണ് നല്ലത്. വനിതകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒന്നും വനം വകുപ്പ് ഒരുക്കിയിട്ടില്ലെന്നും വൈൽഡ് ലൈഫ് വാർഡൻ ഷാജി കുമാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.