തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടർമാരും ചീഫ് ഇലക്ടറൽ ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. വകുപ്പുകളുടെയും ബോർഡ്, കോർപറേഷനുകളുടെയും ഡയരക്ടർമാർ അടക്കം 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്.
പുനർ വിന്യാസത്തിന്റെ ഭാഗമായി സഞ്ജയ് കൗൾ കേരളത്തിലെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറാവും. ഫിനാൻസ് ആൻഡ് എക്സ്പൻഡിച്ചർ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന കൗളിനെ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറായി ദേശീയ തീരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചതായി സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
ചീഫ് ഇലക്ടറൽ ഓഫീസറും ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണയെ ആസൂത്രണ സാമ്പത്തിക കാര്യ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവുകൾ ഉടനടി പ്രാബല്യത്തിൽ വരുന്നതായി സർക്കാർ ഉത്തരവിൽ പറയുന്നു.
Read More: മന്ത്രിസഭ ‘മോഡിഫൈ’ ചെയ്ത് പ്രധാനമന്ത്രി; 43 പുതിയ മന്ത്രിമാർ
എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം.
എറണാകുളം കലക്ടറായിരുന്നു എസ് സുഹാസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഡയരക്ടറായി നിയമിച്ചു. പകരം ജാഫർ മാലിക് എറണാകുളം കലക്ടറാവും.
കോഴിക്കോട് കലക്ടറായിരുന്ന എസ് സാംബശിവ റാവുവിനെ സർവേ, ഭൂരേഖാ വകുപ്പ് ഡയരക്ടറായി നിയമിച്ചു. പത്തനംതിട്ട കലക്ടറായിരുന്ന നരസിംഹുഗാരി ടിഎൽ റെഡ്ഡി കോഴിക്കോട് കലക്ടറാവും.
തൃശൂർ കലക്ടർ എസ് ഷാനവാസിനെ എംജിഎൻആർഇജിഎ ദൗദ്യത്തിന്റെ ഡയരകട്റായി നിയമിക്കും. എംജിഎൻആർഇജിഎ ഡയരക്ടറായിരുന്ന ദിവ്യ എസ് പത്തനംതിട്ട കലക്ടറാവും. പൊതുഭരണ ജോയിന്റ് സെക്രട്ടറി ഹരിത വി കുമാർ തൃശൂരിന്റെ പുതിയ കലക്ടറാവും
Read More: മന്ത്രിസഭാ പുനസംഘടന; പുറത്തായത് ഹർഷ് വർധനും ജാവ്ദേക്കറും അടക്കം 12 പേർ
കോട്ടയം കലക്ടറായിരുന്ന എം അഞ്ജനയെ പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പഞ്ചായത്ത് വകുപ്പ് ഡയരക്ടറായിരുന്ന പികെ ജയശ്രീ പുതിയ കോട്ടയം കലക്ടറാവും.
ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയരക്ടറായി നിമയിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ ഷീബ ജോർജ് ഇടുക്കി ജില്ലാ കലക്ടറാവും.
കാസർഗോഡ് കലക്ടറായ ഡി സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് വകുപ്പ് ഡയരക്ടറായി നിയമിച്ചു. പകരം ഭണ്ടാരി സ്വാഗത് രൺവീർചന്ദ് കാസർ ഗോഡ് ജില്ലാ കലക്ടറാവും.
2020 മെയ് 20 ന് അധികാരമേറ്റ രണ്ടാം പിണറായി സർക്കാർ 37 ദിവസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിക്ക് തയ്യാറായത്.
മരം മുറി വിവാദവുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളിലെ ഐ എ എസ് ഉദ്യോഗസ്ഥർ തൽസ്ഥാനം തുടരുമെന്നാണ് സൂചന. പുറത്തുവന്ന രണ്ട് ലിസ്റ്റിലും റവന്യൂ, വനം വകുപ്പിൽ മാറ്റങ്ങളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല