കൊച്ചി: കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും രാത്രിയില്‍ സിനിമക്ക് പോവുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. തൃശൂര്‍ കേരള വര്‍മ കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമായി കാണാമെന്നും കോടതി വ്യക്തമാക്കി.

”രാഷ്‌ട്രീയ പരിപാടിയില്‍ പങ്കെടുക്കാൻ പാടില്ല എന്ന നിലപാടിന്‌ അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ല. ഇന്ത്യയിലെ ഏത്‌ പൗരനും അയാളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ പുലർത്താനും ആശയങ്ങൾ പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ട്‌. രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള വിലക്ക്‌ മൗലികാവകാശ ലംഘനമാണ്‌. അതുകൊണ്ട്‌ ആ വ്യവസ്ഥ റദ്ദാക്കുകയാണ്‌” കോടതി വിധിയില്‍ പറഞ്ഞു.

യുജിസി റെഗുലേഷൻ പ്രകാരം വിദ്യാർഥിനികളുടെ സുരക്ഷയുടെ പേരിൽ വിവേചനപരമായ വ്യവസ്ഥകൾ നടപ്പാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്വാതന്ത്ര്യം തുല്യമാണ്. ഫസ്റ്റ് ഷോയ്ക്കാണോ സെക്കൻഡ് ഷോയ്ക്കാണോ പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദ്യാർഥികളാണ്. എന്നാൽ, എത്ര മണിക്ക് ഹോസ്റ്റലിൽ തിരിച്ചെത്തണമെന്ന് തീരുമാനിക്കാൻ അധികൃതർക്കാവും. ഹോസ്റ്റൽ വ്യവസ്ഥകൾ അംഗീകരിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന കോളേജ് അധികൃതരുടെ വാദം കോടതി തള്ളി.

എന്നാല്‍ ക്ലാസിൽ പോകാതെ ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന നിയന്ത്രണം കോടതി അംഗീകരിച്ചു. കൂടാതെ വാർഡൻ അനുവദിച്ച ദിനങ്ങളിലല്ലാതെ സിനിമയ്ക്ക് പോകരുതെന്നും കോടതി വ്യക്തമാക്കി. ക്ലാസിൽ കൃത്യമായി ഹാജരാകാതിരിക്കുകയും കോളേജിൽ മോശമായി പെരുമാറുകയും ചെയ്യുന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനുളള വ്യവസ്ഥകളിൽ കോടതി ഇടപെട്ടില്ല. നിയമപരമായ നിയന്ത്രണങ്ങളാണ് ഇവയെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.