കൊച്ചി: രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കളെ വീണ്ടും വലച്ചുകൊണ്ടാണ് പുതിയ പാചക വാതക വില വര്‍ദ്ധന. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 94 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 729 രൂപയാണ്. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഇരുട്ടടിയാണെന്നാണ് കേരളത്തിലെ സ്ത്രീകള്‍ പറയുന്നത്.

കണക്കുകൂട്ടി ജീവിതം തള്ളിനീക്കുന്നവരെ സംബന്ധിച്ച് ഈ വിലവര്‍ദ്ധന തലയ്ക്കടിയാണെന്നാണ് ആലപ്പുഴിയിലെ വീട്ടമ്മയായി എസ്. ഉഷ പറയുന്നത്. ‘കേരളത്തിലെ സ്ത്രീകളെയാകും ഇതേറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. കരിയിലും പുകയിലും ജീവിച്ചിരുന്ന സ്ത്രീകള്‍ക്ക് പാചകവാതകം ഒരു ആശ്വാസമായിരുന്നു. പക്ഷെ ഇത്തരത്തില്‍ വില കയറിപ്പോകുമ്പോള്‍ എല്ലാവര്ക്കും ഈ ചെലവ് താങ്ങാനായി എന്നു വരില്ല. ആലപ്പുഴയില്‍ ഞാന്‍ ജീവിക്കുന്ന സ്ഥലത്തൊക്കെ ആളുകളുടെ പ്രധാന വരുമാനമാര്‍ഗം മത്സ്യബന്ധനമാണ്. അതും എന്നുമുണ്ടായി എന്നു വരില്ല. സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നും ലോണെടുത്തുമൊക്കെയാണ് സ്ത്രീകള്‍ പലപ്പോഴും ജീവിതം തള്ളിനീക്കുന്നത്. അങ്ങനെയുള്ളവരുടെ ജീവിതത്തെ ഇത് വല്ലാതെ ബാധിക്കും.’ ഉഷ തന്റെ ആശങ്ക പങ്കുവച്ചു.
Read More: അച്ഛാദിൻ ജനങ്ങളുടെ തലയിൽ തീ കോരിയിടുമ്പോൾ
ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില മാത്രമേ വര്ധിക്കുന്നുള്ളൂ, അതിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ലെന്നാണ് കൊച്ചിക്കാരി മെഹ്റ ഇഷാന് പറയുന്നത് ‘ഇതൊരു വലിയ ചതിയാണ്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കും ഈ നാട്ടില്‍. വില കൂടുന്നതിനനുസരിച്ച് ജോലി ചെയ്യുന്നിടത്ത് പോയി ശമ്പളം കൂട്ടിത്തരണം എന്നു പറയാന്‍ പറ്റില്ലല്ലോ. അഥവാ പറഞ്ഞാലുള്ള മറുപടി, ജിഎസ്ടി ഒക്കെ വന്നോണ്ട് ഇപ്പോള്‍ ശമ്പളം കൂട്ടാന്‍ പറ്റില്ലെന്നാണ്. എന്തു ചെയ്യും, എങ്ങനെ ജീവിക്കും?’ മെഹ്റ ചോദിക്കുന്നു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി ഡെയ്സിക്കും അതേ അഭിപ്രായമാണ്. ജന ജീവിതം ദുരിതത്തിലാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടി. ‘ഞങ്ങള്‍ക്കൊരു ഹോട്ടല്‍ കൂടിയുണ്ട്. വീട്ടിലേക്കും കടയിലേക്കും ഗ്യാസ് വാങ്ങണം. ശരിക്കും ജനങ്ങളെ വലയ്ക്കുകയാണ് ഈ വിലവര്‍ദ്ധനവ്.’ ഡെയ്സി പറഞ്ഞു.

രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ തലക്ക് അടി കിട്ടിയ പോലെ ആയിരുന്നുവെന്ന് കോട്ടയംകാരിയായ ഷീല ബെന്‍സി പറയുന്നു ‘രാവിലെ പത്രം വായിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. സാധാരണക്കാരനെങ്ങനെ ജീവിക്കും ഈ നാട്ടില്‍. ഓരോ മാസവും ഇങ്ങനെ കൂട്ടിക്കൊണ്ടിരിക്കുകയല്ലേ? ഇതിപ്പോള്‍ ഒറ്റയടിക്കല്ലേ 94 രൂപ കൂട്ടിയത്.’ വിലവര്‍ധനവ് വല്ലാത്ത ചതിയായെന്ന് ഷീല.
2016 ജൂണിൽ 419.18 രൂപയായിരുന്നു ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില. ഒരു വർഷത്തിൽ 12 സിലിണ്ടറുകളായിരുന്നു അനുവദിച്ചിരുന്നത്. നേരത്തേ മാസം തോറും രണ്ടു രൂപവച്ചായിരുന്നു ഓരോ സിലിണ്ടറിനും കൂടിയിരുന്നത്. പിന്നീട് ഈ വർഷം മെയ് മുതൽ അത് മൂന്നു രൂപയായി വർദ്ധിച്ചു. മെയ് 30 മുതൽ ഇത് നാലു രൂപയാക്കി കൂട്ടിയിരുന്നു. അതിനു ശേഷം ആറാമത്തെ തവണയാണ് പാചക വാതക സിലിണ്ടറിന് വില വർദ്ധിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ ഏറ്റവും പുതിയതാണ് പാചക വാതക വിലവര്‍ധനയെന്നാണ് കാസര്‍ഗോട്ടെ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ എന്‍. രാധ. ‘സബ്സിഡി തരും തരും എന്നു പറയുകയല്ലാതെ ഇതുവരെ ഒന്നും കിട്ടിയില്ല. വില കൂട്ടുന്നതില്‍ മാത്രം നല്ല കൃത്യതയാണ്. മാസംതോറുമുള്ള വില വര്‍ദ്ധന കൂടാതെയാണ് ഇപ്പോള്‍ ഈ 94 രൂപ കൂട്ടിയിരിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ എങ്ങനെ ജീവിക്കും?’ രാധ ചോദിക്കുന്നു.

സാമ്പത്തികമായി പുറകിൽ നിൽക്കുന്നവർ എങ്ങനെയാണ് ഈ വിലവർദ്ധനവിനെ നേരിടുക എന്നതാണ് എടത്തല എംഇഎസ് ബി.എഡ് ട്രെയിനിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ബിന്ദു ഗായത്രി വിനോദിനെ അലട്ടുന്നത്. “ഇത്തരം നയങ്ങൾ നേരിട്ടും ഏറ്റവും ആദ്യവും ബാധിക്കുന്നത് സാമ്പത്തികമായി പുറകിൽ നിൽക്കുന്നവരെയാണ്. അല്ലാത്തവരെ ബാധിക്കുമെങ്കിലും അതിന്റെ തോത് കുറവായിരിക്കും. ഈ വികസനം എങ്ങോട്ടാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതു തരത്തിലുള്ള സ്കീമുകൾ നടപ്പാക്കുമ്പോഴും താഴെക്കിടയിൽ നിൽക്കുന്നവരെ കുറിച്ച് ആദ്യം ചിന്തിക്കണം. അവരുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്ന് ഓർക്കണം. ഇത്തരം വിലവർദ്ധനവിനിടയിൽ ലാഭമുണ്ടാക്കുന്ന മറ്റൊരു കൂട്ടരുണ്ടാകും. ഇൻഡെക്ഷൻ കുക്കർ നിർമ്മാതാക്കളും വിൽപ്പനക്കാരുമൊക്കെ ഇതിനെ നല്ലരീതിയിൽ ഉപയോഗിക്കും. ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് വരുമാനം കൂടുന്നില്ല എന്നത് സർക്കാർ മനസിലാക്കണം.” ബിന്ദു ഗായത്രി വിനോദ് പറയുന്നു.

ആദ്യം കേട്ടപ്പോൾ ഒരു ഞെട്ടൽ തോന്നിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് രാജ്യത്തിനാകെ ഗുണമുള്ള ഒരു തീരുമാനമാകുമെന്നാണ് ഡോക്ടർ അശ്വതി സോമന്റെ അഭിപ്രായം. “ഒരുവർഷം 12 സിലിണ്ടറുകളാണ് നമുക്ക് കിട്ടുന്നത്. വില കൂടുകയും സിലിണ്ടറുകളുടെ എണ്ണം 12 ആകുകയും ചെയ്തതുകൊണ്ട് പരമാവധി സൂക്ഷിച്ച് ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കും. കള്ള അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവർക്കും ഇതൊരു തിരിച്ചടിയായിരിക്കും. പലരും ഗാർഹികാവശ്യത്തിനുള്ല ഗ്യാസ് സിലിണ്ടറുകൾ വാങ്ങി കടകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. നൂറു രൂപയോളമാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. പക്ഷെ സബ്സിഡിയായി ലഭിക്കുന്ന തുക നമ്മുടെ അക്കൗണ്ടിലേക്കു തന്നെയല്ലേ വരുന്നത്. ഒരുമിച്ച് അത്രയും രൂപ കൊടുക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമായിരിക്കും. പക്ഷെ നമ്മൾ വ്യക്തി കേന്ദ്രീകൃതമായി ചിന്തിക്കാതെ കുറച്ചുകൂടി വിശാലമായി ചിന്തിച്ചാൽ ഇതിന്റെ പോസിറ്റീവ് വശം മനസിലാകും.”
രാജ്യത്ത് 18.11 കോടി ഉപഭോക്താക്കളാണ് സബ്സിഡി ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നത്. ഇതിൽ നിർധനരായ 2.6 കോടി സ്ത്രീകൾക്ക് പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്കി വരുന്നു.2.66 കോടി ജനങ്ങൾ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്.