കൊച്ചി: കോവിഡ് ചികിൽസയ്ക്ക് സ്വകാര്യ മുറികളുടെ നിരക്കുകൾ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു.
ചികിൽസാ നിരക്ക് നിയന്ത്രിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചതിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടന സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് കോടതിയുടെ മുൻ ഉത്തരവ് മറികടക്കാൻ ശ്രമിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
പരിഷ്കരിച്ച ഉത്തരവ് ആദ്യ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഇല്ലാതാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എല്ലാ ഭാരവും കോടതിയുടെ ചുമലിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽനിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. പരിഷ്കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. അനുബന്ധ രോഗങ്ങൾ ഉള്ളവരുടെ നിരക്കിന്റെ കാര്യത്തിലും സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചു