കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തെളിവു നശിപ്പിക്കൽ കേസിൽ ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടി. റിപ്പോർട്ട് വന്നതിന് ശേഷം കേസ് ഫയലിൽ സ്വീകരിക്കണമോയെന്ന് കോടതി പരിശോധിക്കും. വിചാരണ അനന്തമായി മുടങ്ങിയിരിക്കുകയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടാധികാരം ഉപയോഗിച്ച് വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
കേസ് നടന്നത് വിചാരണ കോടതിയിലാണ്. മുന്നാം കക്ഷിക്ക് ഇടപെടാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദത്തോട് കോടതി യോജിച്ചില്ല. ഈ കേസ് മറ്റു കേസുകൾ പോലെയല്ല. സർക്കാരിനെ കുറ്റം പറയാനാവില്ല. ഇവിടെ കോടതിയാണ് പരാതിക്കാരനാകേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇടപെടാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ശക്തമായി വാദിച്ചു.
കോടതിക്ക് മുൻപിൽ ഇങ്ങനെയൊരു കേസ് വരുമ്പോൾ വെറുതെ നോക്കി ഇരിക്കണമോ എന്ന് കോടതി ചോദിച്ചു. ഇത് പോലെ പല കേസുകൾ നിലവിലുണ്ടെന്നും ഹർജിക്ക് പുറകിൽ ഗൂഢതാൽപര്യങ്ങളുണ്ടെന്നും സർക്കാർ ചുണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ വിചാരണ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു. മുന്നാം കക്ഷിക്ക് കേസിൽ ഇടപെടാൻ അവകാശമില്ലെന്നും ഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ പൊതുതാൽപ്പര്യമുണ്ടെന്നും മോഹൻലാലിന്റെ ആനക്കൊമ്പ് കേസിൽ മുന്നാം കക്ഷിയെ കേൾക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഹർജി ഭാഗം ബോധിപ്പിക്കുകയും ചെയ്തിരുന്നു.
1990 ൽ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആൻ്റണി രാജുവിനെതിരായ ആരോപണം. അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന അടിവസ്ത്രം അയാൾക്ക് പകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി വെറുതെ വിട്ടത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആൻറണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലിസ് 2008 ൽ ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും വിചാരണ അനന്തമായി നീളുകയാണ്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന വിചാരണ ആരംഭിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് നെടുമങ്ങാട് കോടതിയുടെ പരിഗണനയിലാണ്.