കൊച്ചി: വിദേശ മദ്യഷാപ്പുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതു സർക്കാരാണെന്ന് ഹൈക്കോടതി. തെക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മദ്യക്കടകളുടെ എണ്ണം കൂടുതലാണന്നും കേരളത്തിൽ 270 കടകൾ മാത്രമാണുള്ളതെന്നും തിരക്കിന് കാരണം ഇതാണന്നും ബിവറേജ് കോർപ്പറേഷൻ അറിയിച്ചു. കടകളുടെ എണ്ണം കൂട്ടാൻ ഉത്തരവിടാനാവില്ലന്നും അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
തൃശൂരിലെ മദ്യക്കട മാറ്റണമെന്ന ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. 32 കടകൾ മാറ്റി സ്ഥാപിക്കാനും 57 എണ്ണം നവീകരിക്കാനും നിർദേശം നൽകിയിട്ടുണ്ടന്ന് സർക്കാർ അറിയിച്ചു. വേണ്ടത്ര സൗകര്യങ്ങളില്ലാത്ത 96 കടകളിൽ 24 എണ്ണം മാത്രമേ അടിയന്തരമായി മാറ്റേണ്ടതുള്ളുവെന്ന് ബവ്കോയും അറിയിച്ചു.
മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളേപ്പോലെ പരിഗണിക്കരുതെന്ന് കോടതി ആവർത്തിച്ചു. എറണാകുളം ജില്ലയിൽ രാമമംഗലത്തെ മദ്യക്കട മാറ്റുന്നതിൽ ഒരു സ്ത്രീയുടെ പരാതി ലഭിച്ചിട്ടുണ്ടന്ന് കോടതി വ്യക്തമാക്കി. മാറ്റി സ്ഥാപിക്കാനുള്ള പട്ടികയിൽ ഉള്ള ഈ കട ബാങ്ക് കെട്ടിടത്തിനടുത്തേക്കാണ് മാറ്റുന്നതെന്നും ഇത് ബാങ്കിൽ വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പരാതിയെന്നും കോടതി പറഞ്ഞു.
കത്ത് ഹർജിയുടെ ഭാഗമാക്കിയ കോടതി പരാതി പരിഗണിക്കാൻ നിർദേശിച്ചു. മാറ്റി സ്ഥാപിക്കുന്ന കടകളെക്കുറിച്ച് വീണ്ടും പരാതി ഉണ്ടാവരുതെന്നും വ്യക്തമാക്കി. മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.